എന്നെ മറന്നോ ?: ഞാന്‍ നിങ്ങളുടെ കുഞ്ഞുണ്ണി മാഷ്: ഇന്നെന്റെ ഓര്‍മ്മ ദിനമാണ് (1927 – 2006)

വായിച്ചും വായിക്കാതെയും വളരാം, 'വായിച്ചു വളര്‍ന്നാല്‍ വിളയും...വായിക്കാതെ വളര്‍ന്നാല്‍ വളയും'

ഓര്‍ക്കണം മലയാളം ഉള്ളിടത്തോളം കാലം ആ കുഞ്ഞു വലിയ മനുഷ്യനെ. കടിച്ചാല്‍ പൊട്ടാത്ത വാക്കുകളോ, വളച്ചാല്‍ വളയാത്ത വാക്കുകളോ കൊണ്ട് അമ്മാനമാടലല്ല, അമ്പിളിയമ്മാവന്‍ പോലും നിഷ്പ്രയാസം കുട്ടിക്കു പിടിക്കാന്‍ പറ്റുമെന്ന ലളിതമായ കവിതകളാണ് വലിയ കുഞ്ഞുണ്ണി മാഷിന്റെ പ്രത്യേകത. ‘ഓര്‍മ്മ ദിനങ്ങള്‍ക്കിടയില്‍ ഓര്‍ക്കാന്‍ സമയമെടുക്കുന്നതെന്തിനീ വാക്കിന്റെ മായാജാലക്കാരനായ കുഞ്ഞു മാഷിനെ. അതെ, ഇന്ന് കവി കുഞ്ഞുണ്ണി മാഷിന്റെ ചരമദിനമാണ്. 2006 മാര്‍ച്ച് 26ന് മാഷ് അന്തരിച്ചു.

‘ എനിക്കുണ്ടൊര് വോട്ട്
നിനക്കുണ്ടൊരു വോട്ട്
നമുക്കില്ലൊരു നേട്ടം’

മാഷിനെ കേള്‍ക്കാതായിട്ട് 18 വര്‍ഷം തികയുന്നു. ഇന്നും അദ്ദേഹത്തിന്റെ ഓരോ ചെറുകവിതകളും നല്‍കുന്ന സന്ദേശം പഴമതട്ടാതെ നില്‍ക്കുകയാണ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന കവിതകളാല്‍ സമ്പന്നമാക്കിയ മാഷിനോടാണ് മലയാളികള്‍ക്ക് ഒരല്‍പ്പം ഇഷ്ടക്കൂടുതല്‍. പ്രായഭേദമില്ലാതെ ആര്‍ക്കും വായിച്ചാസ്വദിക്കാനാവുന്ന ചെറുകവിതകള്‍ തന്നെയാണ് ഇതിനു പിന്നില്‍. കേട്ടുതഴമ്പിച്ചതും, പറഞ്ഞു പഴകിയതുമായ എന്തിനെയും കവിതയില്‍ പുതുമയോടെ തരുന്നുണ്ടായിരുന്നു മാഷ്. മുഖത്തു നോക്കിയും നോക്കാതെയും ആരോടും പറയാനാകുന്ന ഒരു കവിത തന്നെയാണ് കാരണം.

‘വായിച്ചാലും വളരും
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും’.

ഇതു കേള്‍ക്കുന്നവര്‍ക്ക് കൃത്യവും വ്യക്തവുമായി കാര്യം മനസ്സിലാകുമെന്നുറപ്പാണ്. ഇതുപോലെ ദാര്‍ശനിക മേമ്പൊടിയുള്ള നിരവധി ഹ്രസ്വകവിതകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരനാണ് അതിയാരത്ത് കുഞ്ഞുണ്ണിനായര്‍ എന്ന കുഞ്ഞുണ്ണിമാഷ്. അലങ്കാര സമൃദ്ധമായ കാവ്യശൈലിയില്‍ നിന്നുമാറി, ഋജുവും കാര്യമാത്ര പ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ മറ്റുകവികളില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു മാഷ്. 1927മേയ് 10ന് തൃശൂരിലെ വലപ്പാട്ടായിരുന്നു ജനനം. പിതാവ്, ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠന്‍ മൂസതും മാതാവ്, അതിയാരത്തു നാരായണിയമ്മയുമാണ്.

‘ ഒരു വളപ്പൊട്ടുണ്ടെന്‍ കയ്യില്‍
ഒരു മയില്‍പ്പീലിയുണ്ടെന്നുള്ളില്‍
വിരസ നിമിഷങ്ങള്‍ സരസമാക്കാനിവ
ധാരാളമാണെനിക്കിന്നും’

ജീവിതത്തിന്റെ നല്ലഭാഗവും കോഴിക്കോടാണ് ചെലവഴിച്ചത്. 1953ല്‍ കോഴിക്കോട് ശ്രീരാമകൃഷ്ണാമിഷന്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിച്ചേര്‍ന്നു. 31 വര്‍ഷത്തെ സേവനത്തിനു ശേഷം 1982ല്‍ വിരമിച്ചു. 1987ല്‍ സ്വദേശമായ വലപ്പാട്ടേക്കു തിരിച്ചുപോയി. കുഞ്ചന്‍ നമ്പ്യാരുടെ ഭാഷാശാസ്ത്രമാണ് ഏറെ സ്വാധീനിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തുള്ളല്‍ക്കഥകളെഴുതി സ്വയം അവതരിപ്പിച്ചിരുന്നു. പത്താംതരംകഴിഞ്ഞപ്പോള്‍, ‘യുഗപ്രപഞ്ചം’ എന്ന തുള്ളലെഴുതിയതോടെ കവിയായി അറിയപ്പെട്ടുതുടങ്ങി. ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണി കവിതകളിലേറെയും. എന്നാല്‍ ആദ്യകാല കവിതകള്‍ ദൈര്‍ഘ്യമുള്ളവയാണ്.

‘ വളര്‍ന്നു വരുമ്പോള്‍ പെന്‍സില്‍ മാറ്റി
പേന വെച്ചു തരുന്നതെന്തിനാണെന്നറിയോ ?
ഇനിയുള്ള ജീവിതത്തില്‍ തെറ്റുകള്‍ പറ്റിയാല്‍
മായ്ക്കാന്‍ എളുപ്പമല്ലെന്ന ബോധം വളരാന്‍’

രൂപപരമായ ഹ്രസ്വതയെ മുന്‍നിറുത്തി ജപ്പാനിലെ ‘ഹൈക്കു’ കവിതകളോട് കുഞ്ഞുണ്ണി കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ കുട്ടേട്ടന്‍ എന്നപേരില്‍ ദീര്‍ഘകാലം എഴുതിയിരുന്നു. കുഞ്ഞുണ്ണി മാഷ് അധികകാലം പംക്തിയെഴുത്തു നടത്തിയത് ‘മലര്‍വാടി’എന്ന കുട്ടികളുടെ മാസികയിലായിരുന്നു. ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ കേരളത്തിലെ അനേകം കുട്ടികളെ സാഹിത്യകാരന്മാരാക്കി വളര്‍ത്തിയ പ്രശസ്തമായ പംക്തിയായി അതുമാറി. 1998 ജനുവരിവരെ, നീണ്ട 17 വര്‍ഷക്കാലം ആ പംക്തി തുടര്‍ന്നു. കുഞ്ഞുണ്ണിമാഷുടെ പേജ് എന്നപേരില്‍ മറ്റൊരു പംക്തിയിലൂടെ 5 വര്‍ഷംകൂടി കുഞ്ഞുണ്ണി മാഷ് മലര്‍വാടിയിലുണ്ടായിരുന്നു.

‘ പിന്നോട്ടു മാത്രം മടങ്ങുന്ന
കാലുകൊണ്ടല്ലയോ
മുന്നോട്ടു പായുന്നിതാളുകള്‍’

ഭാഷാശുദ്ധി മാഷിന്റെ പ്രധാന പരിഗണനയില്‍ പെട്ടതായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയിലെഴുതാമെന്നു വ്യക്തമാക്കുന്ന, മാഷുടെ കുറിപ്പുകള്‍ കുട്ടികൃഷ്ണമാരാരുടെ മലയാളശൈലിയോടു ചേര്‍ത്തുവയ്ക്കാവുന്നതാണ്. പഴഞ്ചൊല്ല്, കടങ്കഥകള്‍ എന്നിവയില്‍ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹമെടുത്തുകാട്ടി. മാഷ് പഠനവിധേയമാക്കിയ മറ്റൊരു വിഷയമാണ്, നമ്പൂതിരി ഭാഷയും ഫലിതവും. കുഞ്ഞുണ്ണി കവിതകളും ബാലകവിതകളും വേര്‍തിരിയുന്ന അതിര്‍വരമ്പു നേര്‍ത്തതാണ്. അതിനാല്‍ പലപ്പോഴും ബാലസാഹിത്യകാരനായാണ് പരിഗണിക്കപ്പെട്ടത്. വലപ്പാടുള്ള അതിയാരത്തുവീട്ടില്‍ കുട്ടികള്‍ മാഷിനെ തേടിയെത്തുക പതിവായിരുന്നു.

‘ എല്ലാവരും എന്നും
വായിക്കേണ്ട
രണ്ടു പുസ്തകമുണ്ട്
അവനവനൊന്ന്
ചുറ്റുമുള്ള പ്രകൃതി
മറ്റേത്’

കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യുന്ന ഒരപ്പൂപ്പനായി വാര്‍ദ്ധക്യ കാലത്ത് അദ്ദേഹം കഴിഞ്ഞു. കമല്‍ സംവിധാനം ചെയ്ത ഭൂമിഗീതം എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (രണ്ടു തവണ). സംസ്ഥാന ബാലസാഹിത്യ അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുന്‍നിര്‍ത്തി 1988ലും 2002ലും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. വലപ്പാടുള്ള തറവാട്ടില്‍ 2006 മാര്‍ച്ച് 26ന് മാഷ് അന്തരിച്ചു. അവിവാഹിതനായിരുന്നു.

‘വലിയൊരു ലോകം
മുഴുവന്‍ നന്നാവാന്‍
ചെറിയൊരു സൂത്രം
ചെവിയിലോതാം ഞാന്‍
സ്വയം നന്നാവുക’

മാഷിന്റെ പ്രശസ്തമായ കൃതികള്‍ ഇവയാണ്:

ഊണുതൊട്ടുറക്കംവരെ
പഴമൊഴിപ്പത്തായം
കുഞ്ഞുണ്ണിയുടെ കവിതകള്‍
വിത്തും മുത്തും
കുട്ടിപ്പെന്‍സില്‍
നമ്പൂതിരി ഫലിതങ്ങള്‍
രാഷ്ട്രീയം
കുട്ടികള്‍ പാടുന്നു
ഉണ്ടനും ഉണ്ടിയും
കുട്ടിക്കവിതകള്‍
കളിക്കോപ്പ്
പഴഞ്ചൊല്ലുകള്‍
പതിനഞ്ചും പതിനഞ്ചും.
അക്ഷരത്തെറ്റ്
നോണ്‍സെന്‍സ് കവിതകള്‍
മുത്തുമണി
ചക്കരപ്പാവ
കുഞ്ഞുണ്ണി രാമായണം
കദളിപ്പഴം
നടത്തം
കലികാലം
ചെറിയ കുട്ടിക്കവിതകള്‍
എന്നിലൂടെ (ആത്മകഥ)

‘എന്റെ പുസ്തക താളില്‍ മാത്രമായി
ഒതുങ്ങുന്ന അക്ഷരങ്ങളല്ല നീ
യുദ്ധഭൂമിയില്‍ പടവെട്ടി ജയിച്ചതുപോല്‍
ഇരുട്ടിനെ നീക്കി നീ ജ്വലിച്ചു നില്‍ക്കുന്നു
ദൂരെയായ് നീ ദൂരെയായ് നീ’

കവിയുടെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ അന്വേഷണം ന്യൂസിന്റെ ഓര്‍മ്മപ്പൂക്കള്‍.