തിരുവനന്തപുരം: കോൺഗ്രസിന് ഇത്തവണ ‘ഡു ഓര്‍ ഡൈ തെരഞ്ഞെടുപ്പ്’ ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻ്റണി. മകന്‍ അനില്‍ കെ ആന്റണി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചരണത്തിന് പോകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോടും ആന്റണി പ്രതികരിച്ചു. ആരോഗ്യസ്ഥിതി പോലിരിക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
“‘ഇത് ഡു ഓര്‍ ഡൈ തെരഞ്ഞെടുപ്പ്’ ആണ്. കെപിസിസി തീരുമാനിക്കുന്ന പട്ടിക അനുസരിച്ച് പ്രചാരണം നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. ആരോഗ്യം അനുവദിക്കുന്നതു പോലെ തിരുവനന്തപുരത്തെ എല്ലാ സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തും. ഭരണഘടന സംരക്ഷിക്കാന്‍ മോദിയെ അധികാരത്തില്‍നിന്ന് താഴെയിറക്കേണ്ടത് അനിവാര്യമാണ്”- ആന്റണി പറഞ്ഞു.
ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ സിഎഎ പിന്‍വലിക്കുമെന്നും ആന്റണി വ്യക്തമാക്കി. ഇത് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പലവട്ടം പറഞ്ഞുകഴിഞ്ഞു. പൗരത്വവുമായി ബന്ധപ്പെട്ട് നിരവധി നിയമഭേദഗതികളുണ്ടായിട്ടുണ്ട്. ഒരിക്കലും മതം അടിസ്ഥാനമാക്കിയിട്ടില്ല പൗരത്വം നൽകേണ്ടത്. മോദി സർക്കാരിൻ്റെ പൗരത്വ നിയമഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമാണെന്നും ആൻ്റണി പറഞ്ഞു.
ഒരിക്കല്‍ക്കൂടി ബിജെപി അധികാരത്തില്‍ വന്നാല്‍ പലതും സംഭവിക്കാം. എന്ത് വന്നാലും കേന്ദ്രത്തില്‍ മോദി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ഉണ്ടാവുക സാധ്യമല്ല. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിന് അവസാനം കുറിക്കുമെന്നും ആന്റണി പറഞ്ഞു.