കൊച്ചി: റീമേക്കുകളോടും പുനര്‍വ്യാഖ്യാനങ്ങളോടും തനിക്ക് തുറന്ന മനസ്സാണെന്ന് മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരം. സൗഹൃദം സാര്‍വത്രികമായ കാര്യമാണ്, ലോകത്തെല്ലായിടത്തും ഇതുപോലെ ഓരോ കാര്യങ്ങള്‍ ഒപ്പിക്കുകയും, രക്ഷപ്പെടുകയും ചെയ്യുന്ന കുട്ടികളുണ്ട്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള കഥയാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റേത്.
അത് തികച്ചും സാങ്കല്‍പ്പികമായിരുണെങ്കില്‍, ഇപ്പോള്‍ ലഭിക്കുന്ന അത്രയും സ്വീകാര്യത ചിത്രത്തിന് ലഭിക്കുമായിരുന്നോവെന്ന് തനിക്ക് അത്രത്തോളം ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎംഡിബി(IMdb) ഒറിജിനല്‍ സീരീസായ ‘ഓണ്‍ ദി സീനില്‍’ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെ ഉയര്‍ന്ന സ്ഥലത്തായിരുന്നു ഷൂട്ട്. നല്ല തണുപ്പും. രാവിലെ 5 മുതല്‍ 9 വരെയാണ് ഷൂട്ടിംഗിനായി നമുക്ക് അനുവദിച്ചിരുന്ന സമയം. അതിരാവിലെ എഴുന്നേറ്റ് ടീം അംഗങ്ങള്‍ ഉപകരണങ്ങളുമായി ഗുഹകളിലേക്ക് എത്തും. വളരെ അപകടകരമായ സ്ഥലമാണ്. അവിടെയും ഇവിടെയും ഒരുപാട് കുഴികള്‍ ഉണ്ടായിരുന്നു. കൃത്യമായ വഴി അറിയില്ലെങ്കില്‍, അപകടം ഉറപ്പാണ്. തണുത്ത കാലാവസ്ഥയില്‍ ഞങ്ങള്‍ അതിരാവിലെ നനഞ്ഞിരിക്കേണ്ടി വന്നു.
വിനോദസഞ്ചാരികളും പൊതുജനങ്ങളും എത്തുന്നതിന് മുമ്പേ ഷൂട്ടിംഗ് അവസാനിപ്പിച്ച് മടങ്ങുകയും വേണം. അങ്ങനെ വെല്ലുവിളികള്‍ ഏറെയായിരുന്നു. സിനിമയില്‍ ഞങ്ങള്‍ കാണിക്കുന്ന കുരങ്ങന്റെ തലയോട്ടി യഥാര്‍ത്ഥത്തില്‍ ഞാന്‍ ഗുണ ഗുഹയില്‍ പോയപ്പോള്‍ ലഭിച്ചതാണ്. അത് ഏതാണ്ട് ഒരു മനുഷ്യന്റെ തലയോട്ടി പോലെയായിരുന്നു. കമല്‍ സാറിനും ഗുണ ഗുഹയില്‍ നിന്ന് ഒരു കുരങ്ങന്റെ തലയോട്ടി ലഭിച്ചിരുന്നു. അതേ തലയോട്ടിയാണ് ‘ഹേ റാമില്‍’അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത്’ – ചിത്രീകരണ സമയത്തെ ഓര്‍മകള്‍ ചിദംബരം ഓര്‍ത്തെടുക്കുന്നു.
2006 ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണിത്. കൊടൈക്കനാലിലേക്ക് വിനോദയാത്ര പോകുന്ന കൊച്ചിക്കടുത്തുള്ള മഞ്ഞുമ്മല്‍ എന്ന സ്ഥലത്തെ ഒരു കൂട്ടം യുവാക്കളുടെ സൗഹൃദത്തിന്റെ കഥയാണ് സിനിമ പറയുന്നത്. 200 കോടിയും കടന്ന് മലയാളം ഇന്‍ഡസ്ട്രിയിലെ ബോക്‌സ് ഓഫീസ് കളക്ഷനില്‍ റെക്കോര്‍ഡ് നേട്ടവുമായി മുന്നേറിക്കൊണ്ടിരിക്കവേയാണ് ഐഎംഡിബി ‘ഓണ്‍ ദി സീനില്‍ ചിദംബരം പങ്കെടുക്കുന്നത്.