‘ഈ പരിവർത്തനവും ഇതുണ്ടാക്കാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ’: ആടുജീവിതത്തിന് ആശംസകളുമായി സൂര്യ

ബ്ലെസി-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ആടുജീവിതം തിയറ്ററുകളിലെത്താൻ ഇനി രണ്ടുദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. മലയാള സിനിമാപ്രേക്ഷകർ ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ​ഗാനങ്ങൾക്കും ടീസറിനുമെല്ലാം വൻവരവേല്പാണ് ആസ്വാദകർ നൽകിയത്. ഇപ്പോഴിതാ ആടുജീവിതത്തിന് വിജയാശംസകളുമായി എത്തിയിരിക്കുകയാണ് നടൻ സൂര്യ.

തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് ആടുജീവിതത്തിനും അണിയറപ്രവർത്തകർക്കും സൂര്യ ആശംസകളറിയിച്ചത്. സിനിമയുടെ ട്രെയിലറും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശം, ഈ പരിവർത്തനവും ഇതുണ്ടാക്കാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ! ഹൃദയം നിറഞ്ഞ ആശംസകൾ എന്നാണ് സൂര്യ പോസ്റ്റ് ചെയ്തത്.

നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. 2008 ൽ പ്രാരംഭ ജോലികൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം. ഓസ്‌കർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിച്ച ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ മാസം 28-നാണ് റിലീസ് ചെയ്യുന്നത്.

Read Also: റീമേക്കുകളോട് തുറന്ന മനസ്സ്: ഐഎംഡിബി ‘ഓണ്‍ ദ സീനി’ല്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്‍ ചിദംബരം