ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനിടെ മൈതാനത്തിറങ്ങിയ നായയെ ക്രൂരമായി ഉപദ്രവിച്ച് ഓടിച്ചതിനെതിരെ സംഘാടകർക്ക് രൂക്ഷ പ്രതികരണവുമായി നടി വേദിക. മൈതാനത്തേക്ക് അബദ്ധവശാൽ കയറിയ നായയെ സംഘാടകർ ചവിട്ടുകയും അടിക്കുകയും ചെയുന്ന വിഡിയോ വൈറലായതിന് പിന്നാലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതയെക്കുറിച്ചുള്ള ചർച്ചകളും സജീവമാണ്. ഒരു നായയെ ഉപദ്രവിക്കുന്ന കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും മനുഷ്യത്വമില്ലാത്ത ഇവരെയും മനുഷ്യരെന്നാണ് വിളിക്കുന്നതെന്നും വേദിക പറയുന്നു. മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ സ്ഥിരം പല്ലവിയാവുകയാണ് അതുകൊണ്ട് ഇതിനെതിരെ ജാമ്യമില്ലാ വകുപ്പ് തന്നെ ചുമത്തേണ്ട കാലം അതിക്രമിച്ചെന്നും നടി വേദിക കുറിച്ചു.
https://www.instagram.com/reel/C4-R8XstLEH/
‘‘ഐപിഎൽ സമയത്ത് ഒരു നായയെ ഒരു ആർക്കും തട്ടിക്കളിക്കാവുന്ന ഒരു പാവയെപ്പോലെ എടുത്തിട്ട് ചവിട്ടുകയാണ്. അത്തരക്കാരെയും വിളിക്കുന്ന പേര് മനുഷ്യർ എന്നാണ്. ഒരു നിരപരാധിയായ പാവം മിണ്ടാപ്രാണിയെ ചവിട്ടുകയും അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന കാര്യത്തിൽ ഇക്കാണുന്ന എല്ലാവരും ഒറ്റക്കെട്ടാണ്. നായ്ക്കളെയും മറ്റ് മൃഗങ്ങളെയും ഇടിക്കുകയും ചവിട്ടുകയും ഓടിക്കുകയും ചെയ്യുന്നത് ഇവിടെ ഒരു പുതുമയും ഇല്ലാത്ത കാര്യമായി മാറുന്നു, ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാവുകയാണോ? ഇത് വളരെയധികം മനുഷ്യത്വമില്ലാത്ത പ്രവർത്തിയായിപ്പോയി.
വിഡിയോയിൽ ഒരാൾ അക്ഷരാർഥത്തിൽ നായയെ കൈകൊണ്ട് ശക്തമായി അടിച്ച് വീഴ്ത്തുന്നു. മറ്റ് ജീവികളെ ബഹുമാനിക്കാൻ നമ്മൾ എപ്പോഴാണ് പഠിക്കുന്നത്? കൂടുതൽ ക്ഷമയും ദയയും ഉള്ള ഒരു സമീപനം അതിനോട് കാണിക്കാമായിരുന്നില്ലേ? നാം അഹിംസാവാദികൾ ആണെന്ന് അവകാശപ്പെടുമ്പോഴും മൃഗങ്ങൾക്കെതിരെയുള്ള ക്രൂരതകൾ നമ്മുടെ നാട്ടിൽ ദിനംപ്രതി വർധിക്കുന്നു എന്നത് ലജ്ജാകരമാണ്. മൃഗങ്ങളോടുള്ള ക്രൂരത ജാമ്യമില്ലാ കുറ്റമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’’ വേദിക കുറിച്ചു.
മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബൗൾ ചെയ്യാൻ തയാറെടുക്കുമ്പോഴാണ് ഒരു നായ മൈതാനത്തിറങ്ങിയത്. ബൗണ്ടറി ലൈനിന് പിന്നിൽ സംഘാടകർ നായയെ ഓടിച്ചതിനെത്തുടർന്ന് നായ ഒടുവിൽ കളിക്കളത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. പാണ്ഡ്യ നായയെ തന്റെ അടുത്തേക്ക് വിളിക്കാൻ ശ്രമിച്ചെങ്കിലും സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് നായയെ ഗ്രൗണ്ടിന് പുറത്തേക്ക് ഓടിച്ചുവിടുകയായിരുന്നു.