ആമാശയം ഇല്ലാതെ ജീവിച്ച ഫുഡ് ബ്ലോഗർ നടാഷ ദിദീ അന്തരിച്ചു

പൂനെ: പ്രശസ്ത ഫുഡ് വ്ലോ​ഗർ നടാഷ ദിദീ (50) അന്തരിച്ചു. മഹാരാഷ്‌ട്രയിലെ പൂനെയിൽ ഞായറാഴ്ചയായിരുന്നു അന്ത്യം. ‘ദ് ഗട്ട്‌ലെസ് ഫുഡി’ എന്നാണ് നടാഷയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിന്റെ പേര്. ഈ പേജിലെ വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. പാചകക്കുറിപ്പും ലൈഫ്സ്റ്റൈൽ വീഡിയോകളുമാണ് നടാഷ തന്റെ അക്കൗണ്ടിൽ പങ്കുവക്കുന്നത്.

ഷെഫായിരുന്ന നടാഷയുടെ മരണവിവരം ഭർത്താവാണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. “വളരെ വേദനയോടും ദുഃഖത്തോടും കൂടി ആണ് എന്റെ ഭാര്യ നടാഷ ദിദീയുടെ വേർപാട് അറിയിക്കാൻ ഞാൻ നിർബന്ധിതനാകുന്നത്’’– അദ്ദേഹം എഴുതി.

നടാഷയുടെ മരണ കാരണം ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നാൽ, തനിക്ക് ആരോ​ഗ്യപരമായി നിരവധി അസുഖങ്ങൾ ഉണ്ടായിരുന്നെന്ന് നടാഷ നിരവധി തവണ വെളിപ്പെടുത്തിയിട്ടുണ്ട്. വയറിൽ മുഴകൾ രൂപപ്പെട്ടതിനെ തുടർന്നു ശസ്ത്രക്രിയയിലൂടെ നടാഷയുടെ ആമാശയം നീക്കം ചെയ്തിരുന്നു. ഇതിനുശേഷം വളരെക്കുറച്ചു ഭക്ഷണം മാത്രമേ കഴിക്കാനാകുമായിരുന്നുളളൂ. ഭക്ഷണം കഴിച്ചതിനുശേഷം തലകറക്കവും ക്ഷീണവും നടാഷയ്‌ക്ക് സാധാരണ അനുഭവപ്പെടാറുണ്ടായിരുന്നു.

“കഴിഞ്ഞ 12 വർഷമായി ആമാശയമില്ലാതെ ജീവിക്കുകയായിരുന്നു എന്റെ ഇളയ സഹോദരി നടാഷ. അവളുടെ 50-ാം ജന്മദിനത്തിന് തൊട്ടുപിന്നാലെ കഴിഞ്ഞ ദിവസം അവൾ അന്തരിച്ചു. എന്റെ ഇളയ സഹോദരിയെ നഷ്ടപ്പെട്ടതിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല. ഞങ്ങളുടെ നടാഷ വളരെ വലിയൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു. അവൾ പോകുന്നിടത്തെല്ലാം അവളുടെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞിരുന്നു.”- നടാഷയുടെ സഹോദരൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.