പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം വൈകുന്നതിൽ ഗുരുതര വീഴ്ചയുണ്ടായതായി ഇന്ന് വിവരങ്ങൾ പുറത്തു വന്നിരുന്നു. മാർച്ച് 9നാണ് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് കേസ് സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കണ്ടത്. അവധി ദിവസമായിരുന്നിട്ടു പോലും അന്ന് തന്നെ കേസ് സിബിഐക്ക് വിട്ടുകൊണ്ട് സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു.
എന്നാൽ സർക്കാർ വിജ്ഞാപനം പുറത്തുവന്നിട്ട് പതിനേഴ് ദിവസം കഴിഞ്ഞിട്ടും ആഭ്യന്തര വകുപ്പ് പെർഫോമ റിപ്പോർട്ട് കൈമാറിയിട്ടില്ല എന്ന ഗുരുതര വീഴ്ചയാണ് ഇന്ന് വെളിപ്പെട്ടത്. തുടർന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി വീഴ്ചയെപ്പറ്റി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര സെക്രട്ടറിയോട് നിർദ്ദേശിക്കുകയായിരുന്നു.
സദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പെർഫോമ റിപ്പോർട്ട് വൈകിയോ എന്ന് പരിശോധിക്കാനാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. വൈകിയെങ്കിൽ അതിൽ ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിജ്ഞാപനം പുറത്തിറക്കിയിട്ടും പെർഫോമ റിപ്പോർട്ട് വൈകി എന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
സിബിഐയ്ക്ക് ആവശ്യമായ രേഖകള്‍ കൈമാറിയില്ലെന്ന കാര്യം പോലും ഉദ്യോഗസ്ഥര്‍ ആരേയും അറിയിച്ചില്ല. ഇക്കാര്യം ആഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. വിജ്ഞാപനം ഇറങ്ങിയ ശേഷം സിബിഐയ്ക്ക് ആവശ്യമായ രേഖകള്‍ തയാറാക്കി നല്‍കേണ്ടതില്‍ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച വന്നതായിട്ടാണ് മുഖ്യമന്തിക്ക് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്.
തുടർന്ന്സിബിഐയ്ക്ക് രേഖകള്‍ കൈമാറുന്നതില്‍ വീഴ്ച വരുത്തിയ ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡപ്യൂട്ടി സെക്രട്ടറി പ്രശാന്ത്, സെക്ഷന്‍ ഓഫീസര്‍ ബിന്ദു, അസിസ്റ്റന്റ് അഞ്ജു എന്നിവരെ പെർഫോമ റിപ്പോർട്ട് വൈകിപ്പിച്ചതിൻ്റെ പേരിൽ സസ്പെൻഡ് ചെയ്തിരുന്നു.
എന്താണ് പെർഫോമാ റിപ്പോർട്ട്
നിയമമനുസരിച്ച് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് സംസ്ഥാന സർക്കാർ ഇറക്കിയാൽ വിജ്ഞാപനം കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ മന്ത്രാലയത്തിന് കൈമാറണം. തുടർന്ന് ഇതേ കുറിച്ച് അന്വേഷിക്കാൻ മന്ത്രാലയം സിബിഐ ഡയറക്ടർക്ക് നിർദേശം നൽകും. സിബിഐ അന്വേഷണം വേണ്ട കേസാണെന്ന് സിബിഐ ഡയറക്ടർക്ക് ബോധ്യപ്പെട്ടാൽ കേസ് അതത് യൂണിറ്റിന് ഏൽപ്പിച്ചു കൊണ്ട് ഉത്തരവിടും. ഇതിന് ശേഷമാകും കേന്ദ്ര സർക്കാർ ഏജൻസിയായ സിബിഐ സംസ്ഥാനത്ത് ഓഫീസ് തുറന്നുകൊണ്ട് അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്.
എന്നാൽ, ഈ നിയമം തെറ്റിച്ചുകൊണ്ട് വിജ്ഞാപനം നേരിട്ട് കൊച്ചി യൂണിറ്റിനാണ് ആഭ്യന്തര വകുപ്പ്കൈമാറിയത്. സിബിഐക്ക് ഒരു കേസ് ഏറ്റെടുക്കാൻ വിജ്ഞാപനം മാത്രം മതിയാകില്ല. എന്താണ് കേസ് എന്നത് എളുപ്പത്തിൽ മനസിലാക്കുന്നതിനായി സിബിഐ ഡയറക്ടർക്ക് പെർഫോമ റിപ്പോർട്ട് കൂടി കൈമാറണം. കേസിന്റെ നാൾവഴികളാണ് പെർഫോമ റിപ്പോർട്ടിൽ ഉണ്ടാകുന്നത്. എന്തുകൊണ്ട് ഈ കേസ് കൈമാറുന്നു. എന്താണ് ഈ കേസ്, എഫ്‌ഐആറിന്റെ പരിഭാഷ എന്നിവയെല്ലാം പെർഫോമ റിപ്പോർട്ടിനൊപ്പം ഉണ്ടാകും.