ലോസ് ആഞ്ചലസ്: അനശ്വരപ്രണയത്തിന്റെ കഥ പറഞ്ഞ സിനിമയായ ‘ടൈറ്റാനിക്കി’ന്റെ അന്ത്യരംഗങ്ങളിൽ റോസ് (കെയ്റ്റ് വിൻസ്‌ലെറ്റ്) പറ്റിപ്പിടിച്ചുകിടന്നു രക്ഷപ്പെട്ട ‘വാതിൽപ്പലക’യുടെ കഷണം 7,18,750 ഡോളറിന് (5.99 കോടി രൂപ) ലേലത്തിൽ പോയി. പലകയിൽ രണ്ടുപേർക്കിടമില്ലാത്തതിനാൽ റോസിന്റെ പ്രാണപ്രിയൻ ജാക്ക് (ലിയൊനാർഡോ ഡി കാപ്രിയോ) വെള്ളത്തിൽ തണുത്തുറഞ്ഞ് മരിക്കുകയായിരുന്നു.
ബാൾസ മരത്തിന്റെ പലകയാണ് സിനിമയിൽ വാതിലിനായി ഉപയോഗിച്ചത്. ജാക്കിന് പലകയിൽ ഇടംകിട്ടാതിരുന്നതിനെ ശാസ്ത്രവസ്തുതകൾ നിരത്തി ചിലർ ചോദ്യം ചെയ്തിരുന്നു. സിനിമയിറങ്ങി 25-ാം വർഷം സംവിധായകൻ ജെയിംസ് കാമറൂൺ ശാസ്ത്രീയപരീക്ഷണത്തിലൂടെ ഈ സംശയം ദൂരികരിക്കുകയും ചെയ്തു.
യു.എസ്. ലേലകമ്പനിയായ ഹെറിറ്റേജ് ഓക്‌ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ വിവിധ സാധനങ്ങൾ ലേലത്തിനെത്തിച്ചത്.1997- ഡിസംബർ 19-നാണ് ചിത്രം പുറത്തിറങ്ങിയത്. ഇന്നും സിനിമാ ആസ്വാദകരുടെ മനസിലെ മനോഹര പ്രണയകാവ്യമാണ് ടൈറ്റാനിക്.
1997 ൽ ക്രിസ്മസ് റിലീസായാണ് ചിത്രം പുറത്തിറങ്ങിയത്. ജെയിംസ് കാമറൂൺ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രത്തിൽ ലിയാനാർഡോ ഡി കാപ്രിയോ, കെയ്റ്റ് വിൻസ്‌ലെറ്റ് എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ടൈറ്റാനികിലെ പാട്ടും തരംഗമായിരുന്നു. പ്രത്യേകിച്ച് “മൈ ഹാർട്ട് വിൽ ഗോ ഓൺ” എന്ന ചിത്രത്തിലെ ഗാനം ഇന്നും ആളുകളുടെ പ്രിയ ഗാനങ്ങളിലൊന്നാണ്. ചിത്രത്തിനായി ഒരു വർഷത്തോളമാണ് ഗവേഷണം നടത്തിയത്. അതുവരെയുണ്ടായിരുന്ന എല്ലാ ബോക്സോഫീസ് റെക്കോർഡുകളും ടൈറ്റാനിക് തകർത്തിരുന്നു.