ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ കസ്റ്റഡി കാലാവധി നീട്ടി. ഡൽഹി റോസ് അവന്യൂ കോടതിയിടേതാണ് നടപടി. കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി നീട്ടി ജഡ്ജി കാവേരി ബവേജയാണ് ഉത്തരവിട്ടത്. എപ്രിൽ ഒന്നു വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രിയുടെ കസ്റ്റഡി കാലാവധി ഇന്ന് കഴിഞ്ഞ സാഹചര്യത്തിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം; അരവിന്ദ് കെജ്‌രിവാളിൻ്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തിൻ്റെ ഭാര്യ സുനിത കേജ്‌രിവാൾ രംഗത്ത് എത്തി. ആരോഗ്യ പ്രശ്നങ്ങളാൽ ഡൽഹി മുഖ്യമന്ത്രി വിഷമിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ ജയിലിലേക്ക് അയച്ച് ഡൽഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നും സുനിത കേജ്‌രിവാൾ നേരത്തെ ആരോപിച്ചിരുന്നു.
അരവിന്ദ് കേജ്‌രിവാളിന് ഡൽഹി മുഖ്യമന്ത്രിയായി തുടരാമെന്നും അതിൽ ഇടപെടാനാകില്ലെന്നും ഡൽഹി ഹൈക്കോടതി ഇന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. തുടർന്ന്. കേജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. നിലവിലെ സാഹചര്യത്തിൽ കോടതി ഇടപെടൽ സാധ്യമല്ലെന്ന് ജഡ്‌ജി പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് ഹർജി തള്ളിയത്.
കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡൽഹി സ്വദേശി സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്. സാമ്പത്തിക അഴിമതി ആരോപണ വിധേയനായ ഒരു മുഖ്യമന്ത്രിയെ പൊതു പദവിയിൽ തുടരാൻ അനുവദിക്കരുതെന്ന് അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു.
കേജ്‌രിവാൾ മുഖ്യ സ്ഥാനമൊഴിയില്ലെന്നും ആവശ്യമെങ്കിൽ ജയിലിനുള്ളിൽ നിന്ന് സർക്കാരിനെ നയിക്കുമെന്നും ആംആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു. വിവാദമായ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ച് 21 നാണ് അരവിന്ദ് കേജ്‌രിവാളിനെ ഇഡി അറസ്റ്റുചെയ്തത്. അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ ഏപ്രിൽ രണ്ടുവരെ ഇഡിക്ക് കോടതി സമയം നൽകിയിട്ടുണ്ട്
.അതേസമയം, ഇഡി കസ്റ്റഡിയിലിരുന്നുകൊണ്ട് രണ്ട് ഉത്തരവുകളാണു കേജ്‌രിവാൾ ഇറക്കിയത്. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണവുമായി അമേരിക്കയും ജർമനിയും രംഗത്തുവന്നിരുന്നു. സംഭവത്തിൽ സുതാര്യമായ അന്വേഷണം നടത്തണമെന്ന് അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു