ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആറാം സീസണ്‍ ഒട്ടേറെ പ്രത്യേകതകളുള്ളതാണ്. അതില്‍ പ്രധാനപ്പെട്ടതാണ് പവര്‍ റൂം. സര്‍വാധികാരിയാണ് പവര്‍ റൂമിലെ അംഗങ്ങള്‍. പുതിയ പവര്‍ റൂം അംഗങ്ങള്‍ക്കായുള്ള ടാസ്‍ക് അത്യധികം ആവേശത്തോടെയാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്.
ജിന്റോയും റെസ്‍മിനുമാണ് ബിഗ് ബോസ് ഷോയുടെ പവര്‍ റൂമില്‍ നിലവില്‍ ഉള്ളത്. എന്നാല്‍ ഇവര്‍ പരസ്‍പരം തെറ്റിയിരുന്നു. പവര്‍ റൂം എടുത്ത തീരുമാനങ്ങള്‍ തന്നോട് ജിന്റോ വെളിപ്പെടുത്തി എന്ന നോറയുടെ വാദമാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. റെസ്‍മിൻ ജിന്റോയ്‍ക്ക് ശിക്ഷ വിധിച്ചു. തെറ്റ് സമ്മതിക്കാൻ ജിന്റോ തയ്യാറാകാത്തതിനെ തുടര്‍ന്ന് ബിഗ് ബോസില്‍ മറ്റുള്ളവര്‍ വലിയ പ്രതിഷേധവുമായി എത്തുകയും പവര്‍ റൂമില്‍ അനൈക്യമാണ് എന്ന് വാദിക്കുകയും ചെയ്‍തതിനാല്‍ പുതിയ അവകാശികളെ കണ്ടെത്താനുള്ള ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു.
ഹൗസില്‍ നേരത്തെ നടന്ന ചില ടാസ്‍കുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നെസ്റ്റ് ടീമായിരുന്നു പവര്‍ റൂം ചലഞ്ചില്‍ ജിന്റോയ്‍ക്ക് റെസ്‍മിൻ ഭായ്‍ക്കുമെതിരെ പങ്കെടുത്തത്. മത്സരത്തിലെ നിയബന്ധനകള്‍ വായിച്ചത് ക്യാപ്റ്റനായിരുന്നു. നോമിനേഷനുള്ള അധികം എന്നതിനു പുറമേ ഷോയില്‍ ലക്ഷ്വറി വിഭവങ്ങള്‍ക്കുള്ള അധികാരമുണ്ടെന്നു മാത്രമല്ല ടീം അംഗങ്ങളെ നിയന്ത്രിക്കാനുള്ള അധികാരവും ഉണ്ടാകുമെന്നതാണ് ടാസ്‍കിലൂടെ പവര്‍ റൂമില്‍ എത്തുന്നവര്‍ക്കുള്ള പ്രധാനപ്പെട്ട ചില സവിശേഷതകള്‍. ബ്ലോക്കുകള്‍ ഉപയോഗിച്ച് ബോള്‍ വീഴ്‍ത്തുന്ന ടാസ്‍കായിരുന്നു പവര്‍ റൂമില്‍ എത്താൻ വിജയിക്കേണ്ടിയിരുന്നത്.
ആക്റ്റിവിറ്റി ഏരിയയില്‍ രണ്ട് മേശകളുണ്ടാകും. ഓരോ മേശയുടെ അറ്റത്ത് ബോളുമുണ്ടാകും. താഴെ ഓരോ ബക്കറ്റുമുണ്ടാകും. കുറെ ബ്ലോക്കുകളുമുണ്ടാകും. ബ്ലോക്കുകള്‍ ലംബമായി ഓരോന്നായി കുത്തിനിര്‍ത്തണം. പിന്നിലുള്ള ബ്ലോക്കില്‍ തട്ടുമ്പോള്‍ വരിവരിയായി ഒടുവില്‍ പന്തില്‍ തട്ടി ബക്കറ്റില്‍ കൃത്യമായി വീഴണം. ബക്കറ്റില്‍ വീണില്ലെങ്കില്‍ വീണ്ടും മത്സരം ആദ്യം മുതല്‍ ചെയ്യാവുന്നതാണ്. മൂന്ന് ഗെയ്‍മുകളാണ് ഉണ്ടാകുക. ആദ്യം ജിന്റോയും റെസ്‍മിനും വിജയിച്ചു. പിന്നീട് വിജയിച്ചത് നെസ്റ്റ് ടീമായിരുന്നു. മൂന്നാം റൗണ്ടില്‍ വിജയിയുണ്ടായിരുന്നില്ല. തുടര്‍ നാലാം റൗണ്ടും സംഘടിച്ചപ്പോള്‍ ടാസ്‍കില്‍ വിജയിച്ചത് നിലവിലെ പവര്‍ റൂം അംഗങ്ങളായി ജിന്റോയും റെസ്‍മിനുമായിരുന്നു. പവര്‍ റൂം അധികാരികള്‍ക്ക് മാറ്റമില്ലെന്ന് ഒടുവില്‍ പ്രഖ്യാപിച്ചെങ്കിലും ഇനി ബിഗ് ബോസില്‍ എന്തായിരിക്കും സംഭവിക്കുക എന്നതിലാണ് ആരാധകരുടെ ആകാംക്ഷ.