റിലീസ് ചെയ്‌തിട്ട് വെറും മണിക്കുറുകൾ മാത്രം: ആടുജീവിതത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽ

ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറുകയാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിലിറങ്ങിയ ആടുജീവിതം. എന്നാൽ എല്ലാവരെയും ആശങ്കപ്പെടുത്തിക്കൊണ്ട് ആടുജീവിതം സിനിമയുടെ വ്യാജപതിപ്പും ഇപ്പോൾ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്.

കാനഡയിലാണ് ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയിരിക്കുന്നത്. IPTV എന്ന പേരിൽ കിട്ടുന്ന ചാനലുകളിലൂടെയാണ് ഇത് പ്രചരിക്കുന്നത്. പാരി മാച്ച് എന്ന ലോ​ഗോ ഈ വ്യാജപതിപ്പിൽ കാണുന്നുണ്ട്. ഇവർ കായിക മത്സരങ്ങളിൽ വാതുവെപ്പ് നടത്തുന്ന ഒരു കമ്പനിയാണെന്നാണ് റിപ്പോർട്ട്.

കാനഡയിലും അമേരിക്കയിലുമെല്ലാം റിലീസ് ആയാലുടനെ സിനിമകളുടെ വ്യാജ പതിപ്പുകൾ പെട്ടെന്ന് തന്നെ ഇത്തരം IPTV കളിൽ പ്രത്യക്ഷപ്പെടാറുണ്ട്. ബെന്യാമിന്റെ ഇതേപേരിലുള്ള പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ചിത്രമാണ് ‘ആടുജീവിതം’. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്.

മാജിക് ഫ്രെയിംസ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതം എത്തുക. പൃഥ്വിരാജിനെ കൂടാതെ അമല പോളും ശോഭ മോഹനുമാണ് മലയാളത്തിൽ നിന്നുള്ള മറ്റുതാരങ്ങൾ. എ.ആർ. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. പ്രശാന്ത് മാധവ് കലാസംവിധാനവും രഞ്ജിത്ത് അമ്പാടി മേക്കപ്പും നിർവഹിച്ചിരിക്കുന്നു.

Read Also: ആൻഡ്രിയാ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കാ-ദി ഫോറസ്റ്റ്’ ന്‍റെ റിലീസ് ഹൈക്കോടതി തടഞ്ഞു