ന്യൂഡൽഹി: എൻഫോഴ്സ്മെൻ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന് പിന്തുണ പ്രഖ്യാപിച്ചുള്ള ഇൻഡ്യ സഖ്യത്തിൻ്റെ മഹാറാലിക്ക് അനുമതി. ഡൽഹി പൊലീസ് ആണ് അനുമതി നൽകിയത്.
മാർച്ച് 31 (ഞായറാഴ്ച) രാവിലെ 10 മണിക്ക് രാംലീല മൈതാനത്താണ് മഹാറാലി നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ, ആദിത്യ താക്കറെ, സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ ജെഡി നേതാവ് തേജസ്വി യാദവ്,, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, ഡെറിക് ഒബ്രിയാൻ, കൽപന സോറൻ, തിരുച്ചി ശിവ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും.
അതേസമയം, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളി അറസ്റ്റിൽ ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യത്തിലും പ്രതികരണവുമായി യുഎൻ സെക്രട്ടറി ജനറലിൻ്റെ വക്താവ് രംഗത്തെത്തി പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത് ഏത് രാജ്യത്തുമുള്ളതു പോലെ, ഇന്ത്യ ജനങ്ങളുടെ രാഷ്ട്രീയ, പൗരാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്നും എല്ലാവർക്കും സ്വാതന്ത്ര്യവും നീതിയുക്തവുമായ രീതിയിൽ വോട്ടു ചെയ്യാൻ കഴിയുന്നുണ്ടെന്നാണ് തങ്ങൾ കരുതുന്നതെന്ന് സെക്രട്ടറി ജനറലിൻ്റെ വക്താവ് സ്റ്റെഫാൻ ദുജാറിക് പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്ര അടുത്ത ഘട്ടത്തിൽ ഇന്ത്യയിൽ ഉയരുന്ന ‘അസ്വസ്ഥത’കളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
മാർച്ച് 21നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തത്. നിലവിൽ കേജ്‌രിവാൾ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിൽ തുടരുകയാണ്. ഏപ്രിൽ 1 വരെയാണ് കസ്റ്റഡി കാലാവധി.