കൊച്ചി: പൃഥ്വിരാജ്–ബ്ലെസി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ആടുജീവിതം സിനിമയുടെ വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നതായി പരാതി. തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിൽ ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് സംവിധായകൻ ബ്ലെസി എറണാകുളം സൈബർ സെല്ലിൽ പരാതി നൽകി. ബെന്യാമിന്റെ ‘ആടുജീവിതം’ നോവൽ സിനിമയായി വ്യാഴാഴ്ചയാണ് തിയറ്ററുകളിലെത്തിയത്.
തിയറ്ററിൽനിന്ന് ചിത്രം പകർത്തിയ ആളുടെ ഫോൺ സംഭാഷണവും വ്യാജപ്പതിപ്പ് പ്രചരിപ്പിച്ചവരുടെ മൊബൈൽ സ്ക്രീൻ ഷോട്ടും സംവിധായകൻ കൈമാറിയിട്ടുണ്ട്. സിനിമയക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടി വേണമെന്ന് പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.
നജീബ് എന്ന വ്യക്തിയുടെ ജീവിതം ആസ്പദമാക്കിയാണ് ബെന്യാമിൻ ആടുജീവിതം നോവലാക്കിയത്. സിനിമയുടെ ആഗോള കലക്‌ഷൻ 15 കോടി പിന്നിട്ടതായാണ് റിപ്പോർട്ടുകൾ. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിൽ നിർമിച്ച ചിത്രത്തിൽ ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളായ എ.ആര്‍.റഹ്‌മാൻ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും പ്രദർശനമുണ്ട്.