ആടുജീവിതം തിയറ്ററിലിരുന്ന് മൊബൈലിൽ പകർത്തി; ചെങ്ങന്നൂർ സ്വദേശി കസ്റ്റഡിയിൽ

ആലപ്പുഴ: ആട് ജീവിതം സിനിമാ പകർത്തിയെന്ന പരാതിയിൽ ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് അളെ അറസ്റ്റ് ചെയ്തത്. പ്രദർശനതിനിടെ മൊബൈൽ ഫോണിൽ സിനിമ റെക്കോർഡ് ചെയ്തു എന്നാണ് ആരോപണം. എന്നാൽ മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ദൃശ്യങ്ങളുണ്ടോ എന്നറിയാൻ ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് വ്യക്തമാക്കി. താൻ സിനിമ റെക്കോഡ് ചെയ്യുകയായിരുന്നില്ല മറിച്ച് വീഡിയോ കാൾ ചെയ്യുകയായിരുന്നു എന്നാണ് കസ്റ്റഡിയിൽ ഉള്ളയാളുടെ മൊഴി.

ഇന്ന് റിലീസ് ചെയ്ത സിനിമയുടെ വ്യാജ പതിപ്പ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ സംവിധായകൻ ബ്ലെസി എറണാകുളം സൈബർ ക്രൈം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്ന സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് പരാതി.

സമൂഹമാധ്യമങ്ങളിലും വിവിധ വെബ്സൈറ്റുകളിലും സിനിമ പ്രചരിപ്പിക്കുന്നത് തടയണമെന്നും സിനിമ അപ്ലോഡ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിലുണ്ട്.