ലണ്ടന്‍: ‘ജെന്‍ വി’, ‘ചില്ലിംഗ് അഡ്വഞ്ചേഴ്സ് ഓഫ് സബ്രീന’ എന്നീ വെബ് സീരിസുകളിലൂടെ ശ്രദ്ധേയനായ നടന് ചാൻസ് പെർഡോമോ ബൈക്ക് അപകടത്തില്‍ മരണപ്പെട്ടു. 27 വയസായിരുന്നു.
ചാന്‍സ് പെര്‍ഡോമോ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. അപകടം നടന്നത് എവിടെയാണെന്നോ എപ്പോഴാണെന്നോ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. താരത്തിന്റെ പബ്ലിസിസ്റ്റ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്.
“ഒരു മോട്ടോർ സൈക്കിൾ അപകടത്തിന്റെ ഫലമായി ചാൻസ് പെർഡോമോയുടെ അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞ വാര്‍ത്ത അതീവ ദു:ഖത്തോടെ അറിയിക്കുന്നു. മാറ്റാരും ഈ അത്യാഹിതത്തില്‍ ഉള്‍പ്പെട്ടിട്ടില്ല”, അധികൃതർ അറിയിച്ചു.
സൂപ്പര്‍ഹീറോ പാരഡി ഡ്രാമയായ ദി ബോയ്സിന്റെ സ്പിന്‍ഓഫ് ജെന്‍ വിയില്‍ ആണ് താരം അവസാനമായി അഭിനയിച്ചത്. ആദ്യ സീസണിൽ പെർഡോമോ ആന്ദ്രെ ആൻഡേഴ്സ് എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ലോകത്തെ സൂപ്പര്‍ ഹീറോകളെ നിയന്ത്രിക്കുന്ന വോട്ട് ഇന്റര്‍നാഷണല്‍ കോർപ്പറേഷൻ സ്ഥാപിച്ച ഗോഡോൾകിൻ സർവകലാശാലയിലെ അമാനുഷിക ശക്തിയുള്ള വിദ്യാർത്ഥിയായാണ് പെർഡോമോ എത്തിയത്.
1996ല്‍ ലോസ് ആഞ്ചലസില്‍ ജനിച്ച താരം ഇംഗ്ലണ്ടിലാണ് വളര്‍ന്നത്. കില്‍ഡ് ബൈ ഡെപ്റ്റിലെ പ്രകടനത്തി ബഫ്റ്റയില്‍ മികച്ച നടനുള്ള നോമിനേഷന് നേടിയിരുന്നു. മിഡ്സമര് മര്ഡേഴ്സ്, ഹെറ്റി ഫെതര്‍ എന്നീ സീരീസുകളിലും അഭിനയിച്ചു.