മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രണയബന്ധത്തിലെ തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു പൊലീസ് സൂചിപ്പിച്ചു. നിരപ്പ് സ്വദേശി സിംന ഷക്കീർ (32) ആണു കുത്തേറ്റു മരിച്ചത്. സംഭവത്തിൽ പുന്നമറ്റം സ്വദേശി ഷാഹുൽ അലി (37) അറസ്റ്റിലായി. ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ഷക്കീറിനു ഭക്ഷണവുമായി എത്തിയതായിരുന്നു സിംന.
പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസ് വെളിപ്പെടുത്തി. ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. തന്റെ അയൽവാസിയിരുന്നു. പ്രതി മുൻപ് മദ്യപിച്ച് വീട്ടിലെത്തിയും ബഹളം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. പരാതിപ്പെട്ടതിലുളള പ്രകോപനമാകാം കൊലപാതകത്തിന് കാരണമായതെന്നും ഹാരിസ് കൂട്ടിച്ചേർത്തു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് ദാരുണ സംഭവങ്ങളുണ്ടായത്.സിംന ആശുപത്രിയിലെത്തിയ സമയത്തു ഷാഹുൽ അലി അവിടെയെത്തി സംസാരിക്കുകയായിരുന്നു. അതിനിടെ കയ്യിലുള്ള കത്തി ഉപയോഗിച്ച് സിംനയുടെ കഴുത്തിലടക്കം കുത്തി. ഗുരുതരമായ രക്തസ്രാവമുണ്ടായാണു സിംന മരിച്ചത്. ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടു. പിന്നാലെയെത്തിയ പൊലീസ് ഇയാളെ ബസ് സ്റ്റാന്റിലിട്ടാണ് പിടികൂടിയത്.
















