തിരുവനന്തപുരം: ഹൈസ്കൂൾ തലം വരെയുള്ള സ്കൂൾ അധ്യാപകർക്ക് നൽകുന്ന മധ്യവേനൽ അവധിക്കാല പരിശീലനം ഇനി ഹയർ സെക്കൻഡറി അധ്യാപകർക്കും. സംസ്ഥാനത്തെ ഏതാണ്ട് 28,000 വരുന്ന ഹയർ സെക്കൻഡറി അധ്യാപകർക്കും തുടർ പഠനത്തിന്റെ ഭാഗമായ വാർഷിക പരിശീലനം ഉറപ്പാക്കാനുള്ള ആലോചനയിലാണു പൊതു വിദ്യാഭ്യാസ വകുപ്പ്. എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ രൂപരേഖ തയാറാവുകയാണ്. നിലവിൽ ഹയർ സെക്കൻഡറി അധ്യാപകർക്ക് സർവീസ് കാലയളവിനുള്ളിൽ 10 ദിവസം നീളുന്ന റസിഡൻഷ്യൽ പരിശീലന ക്യാംപാണ് നിർബന്ധമായുള്ളത്. 60 ശതമാനത്തോളം അധ്യാപകർ ഇതിനകം ഈ ക്യാംപിൽ പങ്കെടുത്തതായാണു കണക്ക്. മറ്റു തുടർ പരിശീലന പരിപാടികളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് അവധിക്കാല പരിശീലനം നൽകാൻ നീക്കം.