ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ റിമാൻഡ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തിഹാർ ജയിലിൽ എത്തിച്ചു. ജയിലിനു മുന്നിൽ ആംആദ്മി പാർട്ടി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധമാണു നടക്കുന്നത്. ദേശീയ പാത ഉപരോധിച്ച് പ്രതിഷേധിച്ച എഎപി പ്രവർത്തകർ വാഹനങ്ങള്‍ തടഞ്ഞത് തിഹാർ ജയലിന് മുന്നില്‍ നാടകീയ രംഗങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.
ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പ്രത്യേക ഡയറ്റിനുള്ള സൗകര്യവും ഭഗവദ് ഗീതയും രാമയണവും ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകവും ലഭ്യമാക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ അറസ്റ്റിനെതിരെ കെജ്രിവാള്‍ സമർപ്പിച്ച ഹർജിയില്‍ ഹൈക്കോടതി ഇഡിക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് കേസിൽ കെജ്‌രിവാളിനെ ഈ മാസം 15 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതോടെയാണ് കോടതി നടപടി.
തിഹാറിലെ രണ്ടാം നമ്പർ ജയിലിലാണ് കെജ്രിവാള്‍ കഴിയുക. അന്വേഷണവുമായി കെജ്‌രിവാള്‍ സഹകരിക്കുന്നില്ലെന്നും ചോദ്യങ്ങള്‍ക്ക് തനിക്ക് അറയില്ലെന്ന മറുപടി പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണെന്നും ഇഡി കോടതിയില്‍ കുറ്റപ്പെടുത്തി. കെജ്‌രിവാള്‍ താൻ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളുടെ പാസ്‍വേര്‍ഡുകള്‍ നല്‍കാൻ തയ്യാറാകുന്നില്ലെന്നും ഇഡി വാദിച്ചു. ഈ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നായിരുന്നു ആവശ്യം. ഭാവിയില്‍ തങ്ങളുടെ കസ്റ്റഡി ആവശ്യം വരുമെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു.
മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജുമാണ് പ്രതികളിലൊരാളായ വിജയ് നായരുമായി ബന്ധപ്പെട്ടതെന്ന് കെജ്‌രിവാള്‍ പറഞ്ഞതായി ഇഡി അവകാശപ്പെട്ടു. ഈ സാഹചര്യത്തിൽ ഇവര്‍ക്കെതിരെ കൂടി ഇഡി നടപടിയിലേക്ക് കടന്നേക്കും.
മാർച്ച് 21ന് രാത്രി ഒൻപതോടെയാണ് ഇ.ഡി സംഘം കെജ്‌രിവാളിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനൊടുവിലായിരുന്നു നടപടി. പ്രാഥമിക കസ്റ്റഡി മാർച്ച് 28ന് അവസാനിച്ചെങ്കിലും ഇ.ഡിയുടെ ആവശ്യപ്രകാരം ഡൽഹി റൗസ് അവന്യു കോടതി കസ്റ്റഡി കാലാവധി ഇന്നുവരെ നീട്ടുകയായിരുന്നു.