ഡല്‍ഹി: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതിന് പിന്നാലെ രാഷ്ട്രീയ ലോക്ദളിന്റെ ദേശീയ ഉപാധ്യക്ഷന്‍ ഷാഹിദ് സിദ്ദിഖി പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയില്‍ ചേരാനുള്ള ആര്.എല്‍.ഡി ദേശീയ ചെയര്മാന് ജയന്ത് ചൗധരിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സിദ്ദിഖിയുടെ രാജി.
‘ഇന്നലെ ഞാന്‍ എന്റെ രാജിക്കത്ത് ദേശീയ അധ്യക്ഷന്‍ ജയന്ത് സിംഗിന് അയച്ചു’ ഷാഹിദ് സിദ്ദിഖി എക്സില്‍ കുറിച്ചു. തന്റെ രാജിക്കത്തിന്റെ ഉള്ളടക്കവും സിദ്ദിഖി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
‘ഇന്ന് ഇന്ത്യയുടെ ഭരണഘടനയും ജനാധിപത്യ രീതിയുമെല്ലാം അപകടത്തിലാണ്. ഇതിനെതിരെ മിണ്ടാതിരിക്കുന്നത് തെറ്റാണ്. ഞാന്‍ ജയന്ത് ജിയോട് നന്ദിയുള്ളവനാണ്, എങ്കിലും ആര്.എല്‍.ഡിയില്‍ നിന്ന് രാജിവെക്കാന്‍ ഞാന്‍ നിര്‍ബന്ധിതനാകുകയാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്ക്കൊടുക്കമാണ് ജയന്ത് ചൗധരി എന്‍.ഡി.എ യില്‍ ചേര്‍ന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛനും മുന്‍ പ്രധാനമന്ത്രിയുമായ ചൗധരി ചരണ്‍ സിങ്ങിന് മരണാനന്തര ബഹുമതിയായി ഭാരതരത്ന നല്‍കിയതിന് പിന്നാലെയാണ് ജയന്തിന്റെ കൂടുമാറ്റം. ആറ് വര്‍ഷം തങ്ങള്‍ പരസ്പര ബഹുമാനത്തോട് കൂടി പ്രവര്‍ത്തിച്ചെന്നും എന്നാല്‍ ബി.ജെ.പി നയിക്കുന്ന ഒരു മുന്നണിയില്‍ ചേരാന്‍ സാധിക്കില്ലെന്നും ഷാഹിദ് പറഞ്ഞു.
ആര്.എല്‍.ഡിയെഉള്പ്പെടുത്തി യുപിയില്‍ ശക്തമായ മുന്നണിക്കാണ് ബി.ജെ.പി നേതൃത്വം നല്‍കുന്നത്.പടിഞ്ഞാറന്‍ യു.പി.യിലെ ജാട്ട് മേഖലകളില്‍ സ്വാധീനമുള്ള പാര്‍ട്ടിയെ ചാക്കിലാക്കി സംസ്ഥാനത്ത് പരമാവധി നേട്ടമുണ്ടാക്കുകയാണ് ബി.ജെ.പി.യുടെ ലക്ഷ്യം. കര്‍ഷകസമരം ഈ മേഖലകളില്‍ ബി.ജെ.പി.ക്ക് ക്ഷീണമുണ്ടാക്കിയിരുന്നു.