തനിക്ക് ആദ്യമായി ലഭിച്ച ഫിലിം ഫെയര്‍ അവാര്‍ഡ് ലേലത്തില്‍ വിറ്റുവെന്ന് വെളിപ്പെടുത്തി നടന്‍ വിജയ് ദേവരകൊണ്ട. ലേലത്തിൽ ലഭിച്ച തുക കൊണ്ട് പാവങ്ങളെ സഹായിച്ചു എന്നാണ് നടന്‍ പറയുന്നത്. സര്‍ട്ടിഫിക്കറ്റുകളോടും പുരസ്‌കാരങ്ങളോടും അത്ര താല്‍പര്യമുള്ളയാളല്ല താന്‍ എന്നും വിജയ് ഒരഭിമുഖത്തിൽ വ്യക്തമാക്കി. ‘ഫാമിലി സ്റ്റാർ’ എന്ന റിലീസിനൊരുങ്ങുന്ന വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
‘‘എനിക്ക് മികച്ച നടന്‍ എന്ന നിലയില്‍ കിട്ടിയ ആദ്യ ഫിലിം ഫെയര്‍ പുരസ്‌കാര ശില്‍പം ലേലം ചെയ്യുകയായിരുന്നു. നല്ലൊരു സംഖ്യയും ലഭിച്ചു. ആ തുക മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുകയായിരുന്നു. ഇതിനെ കുറിച്ചുള്ള ഓര്‍മയാണ് വീട്ടില്‍ ഒരു കല്ല് ഇരിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്.
മറ്റ് ചില പുരസ്‌കാരങ്ങള്‍ ഓഫിസിലുണ്ടാവും. ചിലത് അമ്മ എവിടെയോ എടുത്തു വച്ചിട്ടുണ്ട്. വേറെ കുറച്ചെണ്ണം ആര്‍ക്കോ കൊടുത്തു. കിട്ടിയ പുരസ്‌കാരങ്ങളില്‍ ഒരെണ്ണം സന്ദീപ് റെഡ്ഡി വാങ്കയ്ക്ക് കൊടുത്തിട്ടുണ്ട്.”–വിജയ് പറയുന്നു.
2022-ൽ പുറത്തിറങ്ങിയ സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കേരളത്തിലും മികച്ച പ്രതികരണംനേടിയ ഗീതാ ഗോവിന്ദമായിരുന്നു രണ്ടുപേരും ഒരുമിച്ച ആദ്യചിത്രം. മൃണാൾ താക്കൂറാണ് ഫാമിലി സ്റ്റാറിലെ നായിക. കെ.യു. മോഹനനാണ് ഛായാഗ്രഹണം. ഏപ്രിൽ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.