മലയാള സിനിമയ്ക്ക് എന്നും അഭിമാനിക്കാവുന്ന ചിത്രമായി മാറിയിരിക്കുകയാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം നോവലിനെ ആസ്പദമാക്കി ഒരുക്കിയ ഈ സിനിമാറ്റിക് അനുഭവത്തിന് പ്രേക്ഷകരും നിരൂപകരും ഒരേ പോലെ കയ്യടി നല്‍കികൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാനുള്ള സ്വപ്‌നവുമായി പ്രവാസ ജീവിതം തിരഞ്ഞെടുത്ത നജീബ് എന്ന വ്യക്തിയുടെ ജീവിതമാണ് ആടുജീവിതത്തിന് പ്രചോദനമായത്. ഇപ്പോഴിതാ യഥാർത്ഥ നജീബുമായി പൃഥ്വിരാജ് നടത്തിയ അഭിമുഖം പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
‘റീൽ ആൻഡ് റിയൽ ജേർണി’ എന്ന പേരിൽ നിർമാതാക്കളായ വിഷ്വൽ റൊമാൻസിന്റെ യുട്യൂബ് ചാനൽ വഴിയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. 1991ലാണ് വീട്ടിലെ പ്രാരാബ്ദം കാരണം വിദേശത്തേക്ക് പോകുന്നതെന്ന് നജീബ് വീഡിയോയിൽ പറയുന്നുണ്ട്. താൻ മുൻപും യഥാർത്ഥ ആളുകളെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ ഇതാദ്യമായാണ് അങ്ങനെ ഒരാളെ നേരിൽ കാണുന്നതെന്നും പൃഥ്വി പറയുന്നുണ്ട്. അത് താൻ ദൈവീക അനുഭവമായാണ് കാണുന്നതെന്നും നടൻ പറഞ്ഞു.
സിനിമയുടെ ചിത്രീകരണത്തിന് മുന്നോടിയായി പൃഥ്വിരാജ് നജീബിനെ നേരില്‍ കണ്ടിട്ടില്ല. താന്‍ അവതരിപ്പിച്ച നജീബും യഥാര്‍ഥ നജീബും തമ്മില്‍ അന്തരമുണ്ടെങ്കില്‍ പോലും ഈ രണ്ടു വ്യക്തികളുടെയും ചിന്താഗതികള്‍ തമ്മില്‍ അടുപ്പമുണ്ടെന്ന് പൃഥ്വിരാജ് പറയുന്നു.
”രണ്ടോ മൂന്നോ വ്യക്തികളുടെ യഥാര്‍ഥ ജീവിതത്തെ ഞാന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ ആ കഥാപാത്രത്തെ നേരില്‍ കാണാനുള്ള അവസരം എനിക്കുണ്ടാകുന്നത് ആദ്യമായാണ്. 2008 ല്‍ ബ്ലെസി ചേട്ടന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഇത് എങ്ങിനെ ചെയ്യണമെന്ന് എനിക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. നോവല്‍ എഴുതിയ ബെന്യാമിനോട് സംസാരിക്കണമോ അത് യഥാര്‍ഥ നജീബിക്കയെ നേരില്‍ കാണണമെന്നോ എന്ന് അറിയില്ലായിരുന്നു. ബ്ലെസി ചേട്ടന്‍ വായിച്ചറിഞ്ഞതില്‍ നിന്നും എന്റെ മനസ്സില്‍ തോന്നുന്നതില്‍ നിന്നുമുള്ള നജീബിനെയാണ് ഞാന്‍ ചെയ്തത്. ഞാന്‍ സങ്കല്‍പ്പിച്ച നജീബും യഥാര്‍ഥ നജീബും തമ്മില്‍ വലിയ അന്തരം ഉണ്ടായിരിക്കാം. ”- പൃഥ്വിരാജ് പറഞ്ഞു.
അർബാബിനെ കൊന്നിട്ട് രക്ഷപ്പെടാം എന്ന ചിന്ത മനസിൽ ഉണ്ടായിരുന്നുവെന്നും നജീബ് പറഞ്ഞു. നോവലിന് ശേഷമാണ് താൻ അനുഭവിച്ച കാര്യങ്ങൾ പൂർണമായും വീട്ടുകാർ അറിയുന്നതെന്നും നജീബ് വ്യക്തമാക്കുന്നുണ്ട്.
“1991ലാണ് ഞാന്‍ വിദേശത്ത് പോകുന്നത്. വീട്ടിലെ കഷ്ടപ്പാടുകള്‍ കാരണമാണ് പോകേണ്ടി വന്നത്. വിമാനത്താവളത്തിലെത്തിയ ശേഷം ഒരാള്‍ വണ്ടിയുമായി വന്നു. ഞാനതില്‍ കയറിയപ്പോള്‍ എങ്ങോട്ടാണ് എന്നെ കൊണ്ടുപോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരിക്കലും ഞാന്‍ രക്ഷപ്പെടുമെന്ന് തോന്നിയിട്ടില്ല. ഞാന്‍ വിളിക്കാത്ത ദൈവങ്ങളില്ല. ഞാന്‍ ഗള്‍ഫിലേക്ക് വരുമ്പോള്‍ എന്റെ ഭാര്യ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോയി എന്റെ കുഞ്ഞിനെ കാണാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിട്ടില്ല. ഒരോ ദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പൊടിയും മണ്ണും മാത്രമാണ് കാണാന്‍ സാധിച്ചത്. അവിടുത്തെ ജീവിതത്തേക്കാള്‍ നല്ലത് മരണമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഒന്ന് മരിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ചിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം ഭാര്യയെയും കുഞ്ഞിനെയും ഓര്‍മവരും.”- നജീബ് പറഞ്ഞു.
ഇരുവരുടെയും സംസാരത്തിനിടയിൽ പൃഥ്വിയും ഇമോഷണൽ ആകുന്നുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് പൃഥ്വിയെ അഭിനന്ദിച്ച് കൊണ്ട് രംഗത്ത് എത്തുന്നത്. അതേസമയം, നാല് ദിവസത്തില്‍ അന്‍പത് കോടി കളക്ഷന്‍ നേടിയ ചിത്രം ഇതിനോടകം 60 കോടിക്ക് മേല്‍ നേടിക്കഴിഞ്ഞു.