എല്ലാവർക്കും യാത്ര പോകാൻ ഇഷ്ട്ടമാണ്. സോഷ്യൽ മീഡിയയിൽ സ്ഥലങ്ങളുടെ റീലുകൾ ഓടുമ്പോൾ കണ്ടു നോക്കാത്തവരായി ആരാണുള്ളത്? എന്നാൽ നമ്മുടെ യാത്ര മുടങ്ങുന്നത് പോക്കറ്റ് കീറുമോ എന്ന ഭയം കൊണ്ടാണ്. ഇന്ത്യയ്ക്ക് പുറത്തേക്ക് പോകണമെങ്കിൽ കാശ് കുറേയാകില്ലേ? എന്ന ചോദ്യം സ്വാഭാവികമാണ്. മിനിമം കാശിൽ തായ്‌ലൻഡ് വരെ പോയിട്ട് വന്നാലോ?
മ്യാൻമർ, മലേഷ്യ, ലാവോസ്, കംബോഡിയ എന്നീ രാജ്യങ്ങളുടെ ഇടയിലാണ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യമായ തായ്‌ലൻഡ്. 1932 വരെ സിയാം എന്നറിയപ്പെട്ടിരുന്ന തായ്‌ലൻഡിൽ, കൂടുതലും ബുദ്ധമത വിശ്വാസികളാണ്. മുപ്പതിനായിരത്തിന് മുകളിൽ ബുദ്ധ ഷേത്രങ്ങൾ ഉണ്ടിവിടെ. അതിൽ പലതും വാസ്തുകലയുടെ അമ്പരിപ്പിക്കുന്ന മാതൃകകളാണ്
ഏകദേശം ഇന്ത്യൻ ഭൂപ്രകൃതിയോടു സാമ്യം പുലർത്തുന്ന രാജ്യമാണ് തായ്‌ലൻഡ്. അവിടുത്തെ കാഴ്ചകൾ എപ്പോഴും നമുക്ക് പരിചയമുള്ള ഏതെങ്കിലും സ്ഥലങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും. വിശാലമായ പച്ചപ്പും, മനോഹരമായ കെട്ടിടങ്ങളും, ക്ഷേത്രങ്ങളും ഗംഭീരമായ കാഴ്ചയാണ്.
ഇന്ത്യയിൽ നിന്നും ഏറ്റവും കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് ലഭിക്കുന്ന രാജ്യവും ചെലവ് കുറഞ്ഞ നഗരവുമാണ് തായ്‍ലൻഡ്.
കടൽത്തീരങ്ങൾ, ഭക്ഷണം, മൃഗശാലകൾ, തിരക്കൊഴിയാത്ത നഗരം എന്നിവ തായ്‌ലാൻഡിന്റെ ആകർഷക ഘടകങ്ങളാണ്. ഷോപ്പിംഗ് പ്രീയർക്കും പറ്റുന്ന നഗരമാണിത്.
ചെലവെങ്ങനെ ചുരുക്കാം?
മിക്ക യാത്രക്കാരും ഇങ്ങോട്ടേക്ക് എത്തുന്നത് പാക്കേജ് വഴിയാണ് താമസവും ഭക്ഷണവും കാഴ്ചകളും തായ്‍ലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പടെയുള്ള ടൂർ പാക്കേജ് ചെലവ് കുറയ്ക്കാൻ സഹായിക്കും.
വിമാന ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്യുക
ചെലവ് ചുരുക്കി ഭക്ഷണം കഴിക്കാം. മികച്ച സ്ട്രീറ്റ് ഫൂഡ് സെന്ററുകൾ കണ്ടുപിടിക്കുക
തായ്‍ലൻഡ് യാത്ര പ്ലാൻ ചെയ്യുമ്പോൾ തന്നെ താമസത്തിനായി ഹോട്ടലുകൾ ബുക്കു ചെയ്താൽ അധിക പണം ചെലവഴിക്കാതെ ശ്രദ്ധിക്കാം. കുറഞ്ഞ നിരക്കിലുള്ള ഹോട്ടലുകൾ താമസത്തിനായി ഉപയോഗിക്കുക
കുറഞ്ഞ നിരക്കിൽ യാത്രചെയ്യുവാനായി പ്രൈവറ്റ് ടൂർ ഏജൻസിയെ ആശ്രയിക്കാതെ ട്രാവല്‍ സെൻട്രൽ ഓഫീസ് മുഖേനെ യാത്ര ബുക്ക് ചെയ്യാൻ ശ്രദ്ധിക്കുക .
വൈൻ/മദ്യം കഴിക്കുന്നവരെങ്കിൽ ക്ലബുകളെയും ട്രെൻഡി ബാറുകളെയും ആശ്രയിക്കാതെ വിലകുറഞ്ഞ നല്ല മദ്യം/വൈൻ കിട്ടുന്നയിടങ്ങൾ തിരക്കാം.
ഷോപ്പിങ്ങിനായി ബജറ്റിലൊതുങ്ങുന്ന ഷോപ്പിങ് മാളുകളും ഇവിടെയുണ്ട്.
തായ്‌ലൻഡിൽ എന്തൊക്കെ കാണാം?
ബൈക്കിങ്, ഡൈവിങ്, കനോക്കിങ്, കയാക്കിങ് വിനോദങ്ങളിലും നിങ്ങൾക്ക് പങ്കെടുക്കാനാകും. നായകന്മാർ പട്ടായ പോകുന്നു എന്നു പറയുന്ന പല സിനിമകളും നമുക്ക് പരിചയമുണ്ടല്ലേ? ഇവിടെ വന്നാൽ നിങ്ങൾക്ക് പട്ടായ ആസ്വദിക്കാം അതിനു പുറമെ, ഫുക്കറ്റ്, ബാങ്കോക്ക്, ഹുവ ഹിൻ എന്നിവയും മികച്ച യാത്രാനുഭവം നൽകുന്ന സ്ഥലങ്ങളാണ്
തായ്‌ലൻഡിലെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്. മനോഹര കടൽത്തീരങ്ങളും മഴക്കാടുകളും പർവതങ്ങളും വൈവിധ്യമാർന്ന സംസ്കാരവുമെല്ലാം ഒത്തു ചേർന്ന ദ്വീപ്. പതങ് ബീച്ച്, കമല ബീച്ച്, കാരൻ ബീച്ച്, കട്ട ബീച്ച് എന്നിവയാണ് ഫുക്കറ്റിലെ പ്രധാന ബീച്ചുകൾ. സംസ്ക്കാരത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന ജനതയാണ് ഇവിടെയുള്ളത്. ഇവിടുത്തെ മറ്റൊരു ഘടകം ഭക്ഷണമാണ്. വെറൈറ്റി ഭക്ഷണങ്ങൾ നിങ്ങൾക്കിവിടെ ലഭ്യമാകും
ഷോപ്പിംഗ് ചെയ്യാൻ ഇഷ്ടമുള്ളവർക്ക് ഉള്ള ഓപ്‌ഷനാണ് അടുത്തത്. യുവത്വത്തിന്റെ ഇഷ്ട്ട നഗരം, ബാങ്കോക്ക്. ചെലവ് കുറയ്ക്കുന്നതിനായി ഇവിടുത്തെ ടൂർ പാക്കേജുകൾ നിങ്ങളെ സഹായിക്കും. ചൈന ടൗണും, നൈറ്റ് ലൈഫും കണത്തെ നിങ്ങൾ ബാങ്കോക്കിൽ നിന്നും പോകരുത്. രാത്രിയായാൽ ഈ നഗരം ഉരജില്ല എന്ന് ചിലപ്പോഴൊക്കെ തോന്നും.
പച്ചയും, മഞ്ഞയും, പിങ്കും കലർന്ന ലൈറ്റുകൾ. ആവി പാറുന്ന സ്ട്രീറ്റ് ഫുഡുകൾ, മൂക്ക് തുളച്ചു കയറുന്ന തായ്‌ലൻഡ് വിഭവങ്ങളുടെ ഗന്ധം. ബാങ്കോക്കിൽ ഒരിക്കലും നിങ്ങൾക്ക് ബോർ അടിക്കില്ല ഇവിടുത്തെ ഓരോ കാഴ്ചകളും നിങ്ങളെ കൗതുകപ്പെടുത്തി കൊണ്ടിരിക്കും
ഇനി നിങ്ങളെ കാത്തിരിക്കുന്നത് പട്ടായയാണ്. ഇവിടം സന്ദർശിക്കാൻ അനുയോജ്യമായ സമയം വൈകുന്നേരമാണ്. രാത്രി കാഴ്ചകളും, ബീച്ചും നല്ലൊരു അനുഭവമായിരിക്കും നൽകുക. ഏഷ്യയിലെ ഏറ്റവും വലിയ കടലോര വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പട്ടായ ബീച്ച്. സഞ്ചാരികൾക്കായി ഒരുപാട് വിനോദങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പാർട്ടി വേണ്ടവർ, സമാധാനമായി ഇരിക്കണം എന്ന് ആഗ്രഹമുള്ളവർ, ഭക്ഷണ പ്രേമികൾ, ഷോപ്പിംഗ് പ്രീയർ അങ്ങനെ ഏത് തരം ടേസ്റ്റ് ഉള്ള മനുഷ്യർക്കും പറ്റിയ ഇടമാണ് തായ്‌ലൻഡ്. അടുത്ത യാത്ര തായ്‌ലൻഡിലെക്ക് പോയാലോ?