പൃഥ്വിരാജ് – ബ്ലെസി ചിത്രം ആടുജീവിതം മികച്ച പ്രേക്ഷക പ്രശംസ നേടി തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മാർച്ച് 28 ന് പാൻ ഇന്ത്യൻ റിലീസായി എത്തിയ ചിത്രം ലൂസിഫറിന് ശേഷം അതിവേഗം ബോക്സോഫീസിൽ 50 കോടി നേടുന്ന ചിത്രം എന്ന റെക്കോഡ് സ്വന്തമാക്കിയിട്ടുണ്ട്. ബെന്യാമിന്റെ
ആടുജീവിതം നോവലിനെ ആസ്പദമാക്കി ചിത്രം ഒരുക്കിയിരിക്കുന്നത്.
ആടുജീവിതം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ്. റെക്കോഡ് തുകക്കാണ് സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് ഒ.ടി.ടി പ്ലേയുടെ റിപ്പോർട്ട്പ്രകാരമുള്ള വിവരം.
സമയ ദൈർഘ്യത്തെ തുടർന്ന് തിയറ്ററിൽ നിന്ന് നീക്കം ചെയ്ത രംഗങ്ങളും ഒ.ടി.ടി പതിപ്പിലുണ്ടാകും. തിയറ്ററിൽ, 2 മണിക്കൂർ 57 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. അൺകട്ട് വെർഷനാകും സ്ട്രീം ചെയ്യുക. എന്നാൽ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
പൃഥ്വിരാജ് നജീബായി എത്തിയ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ .ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.