ബെംഗളൂരൂ: കന്നഡ സൂപ്പര്‍താരം ശിവ രാജ്കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിങ്ങ് സ്ഥലത്ത് വെച്ച് ദേഹാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് താരത്തെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നാലെ പരിശോധനകൾക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
സിനിമാ സെറ്റിലെ പൊടിശല്യമാണ് താരത്തിന് ദേഹാസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് കുടുംബ ഡോക്ടറുടെ നിർദേശപ്രകാരമാണ് പരിശോധനകൾക്കായി തിങ്കളാഴ്ച വീണ്ടും ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. ശിവ രാജ്കുമാർ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും ചൊവ്വാഴ്ചയോടെ അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
കഴിഞ്ഞ മാസം ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ വലത് തോളിൽ വേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ശിവ രാജ്കുമാറിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിൻ്റെ ആരോഗ്യനില സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ ഹൃദയാഘാതമല്ല അദ്ദേഹത്തിന് സംഭവിച്ചതെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം തിരക്കേറിയ സിനിമ ഷൂട്ടിംഗുകള്ക്കിടയിലും ശിവമോഗ മണ്ഡലത്തിലെ കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥിയായ മത്സരിക്കുന്ന ഭാര്യ ഗീത ശിവരാജ് കുമാറിന് വേണ്ടി ഈ മാസം കാര്യമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശിവ രാജ്കുമാർ ഇറങ്ങുമെന്നാണ് വിവരം.
കന്നടയിൽ നിരവധി സൂപ്പർഹിറ്റുകൾ ചെയ്ത സൂപ്പർതാരമാണ് ശിവ രാജ്കുമാർ. രജനികാന്ത് ചിത്രം ജയിലറിൽ അദ്ദേഹം അവതരിപ്പിച്ച നരസിംഹ എന്ന കഥാപാത്രത്തിന് ഏറെ പ്രശംസ ലഭിച്ചിരുന്നു. പിന്നാലെ ധനുഷിന്റെ ക്യാപ്റ്റൻ മില്ലറിലും അദ്ദേഹം സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.