ചില്ലറ നല്‍കിയില്ല; വയോധികനെ കണ്ടക്ടർ ബസിൽനിന്ന് ചവിട്ടി താഴെയിട്ടു; തലക്ക് ഗുരുതര പരിക്ക്

തൃശൂർ: ചില്ലറ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സ്വകാര്യ ബസില്‍ നിന്ന് വയോധികനെ കണ്ടക്ടർ ചവിട്ടി താഴെയിട്ടു. തലക്ക് ഗുരുതര പരിക്കേറ്റ എട്ടുമന സ്വദേശി പവിത്രൻ (68) ഐ.സി.യുവിൽ ചികിത്സയിലാണ്.

തൃശൂര്‍ കരുവന്നരിലാണ് സംഭവം. തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന ‘ശാസ്ത’ ബസിലെ കണ്ടക്ടറാണ് പവിത്രനെ ചവിട്ടി വീഴ്ത്തിയത്. ചവിട്ടേറ്റ് പവിത്രന്‍ റോഡിലേയ്ക്ക് തലയടിച്ച് വീഴുകയായിരുന്നു.

തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞ് പ്രതിഷേധിച്ചു. പരിക്കേറ്റ പവിത്രനെ ഉടന്‍ മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് തൃശൂർ എലൈറ്റ് ആശുപത്രിയിലേക്കും മാറ്റി. ചില്ലറ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്ന് മകൻ പ്രണവ് പറഞ്ഞു. ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.