മലയാള സിനിമ-സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി മഞ്ജു പിള്ള. നിരവധി ഹാസ്യ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ മഞ്ജുവിന് സാധിച്ചു. അടൂർ ഗോപാലകൃഷ്ണന്റെ പുരസ്കാരങ്ങൾ നേടിയ സിനിമയായ നാലു പെണ്ണുങ്ങളിൽ പ്രധാന വേഷം ചെയ്ത നാലു പേരിലൊരാൾ മഞ്ജുവായിരുന്നു. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ താരം തട്ടീം മുട്ടീം സീരിയലിലെ മോഹനവല്ലി എന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടിയത്. കൂടാതെ ‘ഹോം’ സിനിമയിൽ കുട്ടിയമ്മയായി എത്തി പ്രേക്ഷകരുടെ കയ്യടി നേടിയ താരമാണ് മഞ്ജു പിള്ള.
മഞ്ജുവും സുജിത്തും ഏറെ നാളത്തെ പ്രണയത്തിന് ഒടുവില്‍ വിവാഹിതരായവരാണ്. പക്ഷെ കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഇരുവരും വിവാഹമോചിതരായി എന്നുള്ള വാർത്ത സുജിത്ത് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തുന്നത്. ”2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണ്, അടുത്തിടെ ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായി. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും ജോലി സംബന്ധമായ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാറുണ്ടെന്നും” സുജിത് പറഞ്ഞു.
ഇരുവർക്കും ദയ എന്നൊരു മകളുമുണ്ട്. മകളുടെ വരവോടെ സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായിരുന്ന മഞ്ജു ഒരു ഇടവേള എടുത്തിരുന്നു. മകള്‍ ജനിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. മോള്‍ ജനിച്ച സമയത്ത് ഒരുപാട് സന്തോഷം തോന്നിയിരുന്നു. കുഞ്ഞിനെ മറ്റൊരാളെ ഏല്‍പ്പിച്ച് ജോലിക്ക് പോവുന്നതിനോട് താല്‍പര്യമില്ലായിരുന്നു. ആ സമയത്ത് തന്നെത്തേടിയെത്തിയ പല അവസരങ്ങളും മഞ്ജു സ്വീകരിച്ചിരുന്നില്ല. മകള്‍ വലുതായതിന് ശേഷമായി മഞ്ജു വീണ്ടും അഭിനയരംഗത്ത് സജീവമാവുകയായിരുന്നു എന്നും മഞ്ജു നേരത്തെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മുതിർന്ന മക്കളുള്ള അമ്മയുടെ വേഷത്തിലേക്ക് മഞ്ജു ചുവടുറപ്പിച്ചിട്ട് വളരെ കുറച്ചു വർഷങ്ങൾ മാത്രമേ ആയുള്ളൂ. ഇടത്തരം കുടുംബങ്ങളിൽ കാണാറുള്ള അമ്മ മുഖങ്ങൾ മഞ്ജുവിലൂടെ സ്‌ക്രീനിൽ പുനർജനിച്ചതും പ്രേക്ഷകർക്ക് വളരെ സന്തോഷമാണ് പകർന്നത്. ഹോം, ഫാലിമി സിനിമകളിലെ മഞ്ജുവിന്റെ അമ്മ കഥാപാത്രങ്ങൾ ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറാൻ മഞ്ജുവിനെ സഹായിച്ചു.
മകൾ ദയ പിറന്ന ആദ്യ രണ്ടുവർഷങ്ങൾ മഞ്ജു വീട്ടമ്മയായി കൂടാൻ തീരുമാനിച്ചിരുന്നു. അതിനു ശേഷം കുഞ്ഞിനെ മെല്ലെ തന്റെ അമ്മയുടെ പക്കൽ ഏൽപ്പിച്ച് മഞ്ജു അഭിനയരംഗത്തിൽ സജീവമായി മാറി. കോവിഡ് നാളുകൾ നിരവധി പ്രതിസന്ധികൾ നിറഞ്ഞതായിരുന്നെങ്കിലും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ തനിക്ക് കൂടുതൽ സമയം ലഭിച്ചെന്നും ആ സമയത്ത് താനും മുൻഭർത്താവ് സുജിത്ത് വാസുദേവും പുതുതായി ഒരു ബിസിനസിലേക്ക് കടന്നതിനെക്കുറിച്ചും ഒരു അഭിമുഖത്തിൽ മഞ്ജു വെളിപ്പെടുത്തുന്നുണ്ട്.
സുജിത്തും താനും ഒരു കാന്നുകാലി ഫാം ആരംഭിച്ചു. കോവിഡ് നാളുകളിൽ ഏറെ നേരവും ചിലവഴിച്ചതും അവിടെയാണ്. തന്റെ കരിയറിനെ തന്നെ മാറ്റിമറിച്ചതിൽ ആ ഫാമിന് വലിയൊരു പങ്കുണ്ട് എന്നാണ് മഞ്ജു ഇപ്പോൾ വെളിപ്പെടുത്തുന്നത്.
ഒരു ദിവസം ഫാമിൽ നിന്നും മടങ്ങിയ വേളയിൽ മഞ്ജുവിനെ തേടി ഒരു കോൾ സുജിത്തിന്റെ ഫോണിലേക്കെത്തി. മഞ്ജു കൂടെയുണ്ടായിരുന്നത് കാരണം ‘നേരിട്ട് ചോദിച്ചോളൂ’ എന്നു പറഞ്ഞ് ഫോൺ കയ്യോടെ സുജിത്ത് മഞ്ജുവിനെ ഏൽപ്പിച്ചു. നടനും നിർമാതാവുമായ വിജയ് ബാബുവായിരുന്നു വിളിച്ചത്. ‘ഹോം’ സിനിമയിൽ കുട്ടിയമ്മ എന്ന അമ്മയുടെ വേഷം മഞ്ജുവിലേക്ക് എത്തിച്ചേർന്ന നിമിഷമായിരുന്നു അത്. ഒപ്പം കഥാപാത്രത്തെക്കുറിച്ചും വിജയ് ബാബു ചില സൂചനകൾ നൽകി.
ഇന്ദ്രൻസിന്റെ ഭാര്യയുടെ വേഷമാണ്. ‘അതിനെന്താ’ എന്നായി മഞ്ജു. ‘എനിക്ക് ചെയ്യാനുള്ളതുണ്ടോ, അത് മതി’ എന്നായി മഞ്ജു പിള്ള. ഈ ചിത്രം കുടുംബപ്രേക്ഷകരെ വലിയ രീതിയിൽ സ്വാധീനിയ്ക്കുകയും ചെയ്‌തു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം സിനിമാ ഷൂട്ടിംഗ് നിരോധിച്ചിട്ടില്ലാത്ത നാളുകളായിരുന്നു അത്. ഷൂട്ടിംഗ് ഒറ്റ ഷെഡ്യൂളിൽ 35 ദിവസങ്ങൾ കൊണ്ട് പൂർത്തിയാക്കിയെന്നും മഞ്ജു അഭിമുഖത്തിൽ വെളിപ്പെടുത്തി.