തേഞ്ഞിപ്പലം: സര്‍ക്കാര്‍ ഉത്തരവ് അവഗണിച്ച് കാലിക്കറ്റ് സര്‍വകലാശാല പരീക്ഷഭവന് പെരുന്നാള്‍ കാലത്ത് പരീക്ഷ നടത്തുന്നത് തുടര്‍ച്ചയായ നാലാം വര്‍ഷം. പെരുന്നാളിന് സമീപ ദിവസങ്ങളില്‍ അവധി നല്കുന്ന സര്‍ക്കാര്‍ പതിവ് നിലനില്‍ക്കെ 2021 മുതല്‍ പരീക്ഷഭവന് ഇത് കണക്കിലെടുക്കാതെ പരീക്ഷ ഷെഡ്യൂള്‍ ചെയ്യുകയാണെന്നും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ ഗൗരവമായി കാണുന്നില്ലെന്നും അധ്യാപകരും വിദ്യാർഥികളും പറയുന്നു.
ഇത്തവണ ഏപ്രില്‍ 10നോ 11നോ പെരുന്നാളാകാനാണ് സാധ്യത. അതേസമയം, ഏപ്രില്‍ ഒമ്പതിനും 12നും ആറാം സെമസ്റ്റര്‍ ബി.എ, ബി.കോം, ബി.എസ്സി പരീക്ഷ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. 10ന് പെരുന്നാളായാല്‍ ഒമ്പതിലെ പരീക്ഷയും 11നാണെങ്കില്‍ 12ലെ പരീക്ഷയും അവധി നിര്‍ദേശ പ്രകാരം മാറ്റിവെക്കേണ്ടിവരും. ഇക്കാര്യം മുന്‍കൂട്ടി അധികൃതരെ അറിയിച്ചിട്ടും പെരുന്നാളിന് നാലുദിവസം മാറ്റിനിര്‍ത്തി ഷെഡ്യൂളും ടൈംടേബ്ളും തയാറാക്കിയിരുന്നെങ്കില്‍ വിദ്യാർഥികളും അധ്യാപകരും പ്രയാസത്തിലാകുമായിരുന്നില്ല.
പെരുന്നാള്‍ കാലത്തെ പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയ ക്യാമ്പും ഒഴിവാക്കണമെന്ന് 2021 മുതല്‍തന്നെ ഉയരുന്ന ആവശ്യമാണ്. മലബാര്‍ മേഖലയിലെ പതിനായിരക്കണക്കിന് വിദ്യാർഥികളെയും അധ്യാപകരെയും ബാധിക്കുന്ന വിഷയത്തില്‍ 2021 മുതല്‍ സി.കെ.സി.ടി അടക്കമുള്ള സംഘടനകള്‍ പരീക്ഷ കണ്ട്രോളര് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം.