‘ആടുജീവിതം: ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമ’: ശ്രീകുമാരൻ തമ്പി

ബ്ലെസിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ആടു ജീവിതത്തെ പ്രശംസിച്ച് ശ്രീകുമാരന്‍ തമ്പി. മലയാളസിനിമയ്ക്കു മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ ‘ആടുജീവിതം’മെന്ന് ശ്രീകുമാരന്‍ തമ്പി കുറിക്കുന്നു. പൃഥ്വിരാജിന്റെ മാതാപിതാക്കളായ മല്ലികയുടെയും സുകുമാരന്റെയും വിവാഹത്തിന് മുന്‍കൈ എടുത്ത വ്യക്തിയാണ് താനെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു. രണ്ടു ബുദ്ധിജീവികളുടെ സംഗമത്തില്‍ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്

മലയാളസിനിമയ്ക്കു മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ അഭിമാനവും അന്തസ്സും നേടിത്തരുന്ന സിനിമയാണ് ബ്ലെസ്സിയുടെ ‘ആടുജീവിതം’. ബെന്യാമിന്‍ എന്ന എഴുത്തുകാരന്റെ കഥാസ്വരൂപത്തെ എത്ര മനോഹരമായ രീതിയിലാണ് ബ്ലെസി സിനിമ എന്ന മാധ്യമത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഛായാഗ്രഹണം, എഡിറ്റിങ് ,കലാസംവിധാനം ,ശബ്ദലേഖനം ,സംഗീതം. ഗാനരചന എല്ലാം ഏറ്റവും മികച്ചത്. അന്തര്‍ദ്ദേശീയ അവാര്‍ഡുകള്‍ ഈ സിനിമ വാരിക്കൂട്ടുക തന്നെ ചെയ്യും. ഓസ്‌കാര്‍ അവാര്ഡിന് ഇതാ ഒരു മലയാളസിനിമ—എന്ന് ഞാന്‍ ശബ്ദമുയര്‍ത്തി പറയുന്നു. പൃഥ്വിരാജിന് മികച്ച നടനുള്ള ഓസ്‌കാര്‍ അവാര്‍ഡ് ഈ സിനിമ നേടിക്കൊടുക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ബ്ലെസ്സിയുടെയും പൃഥീരാജിന്റെയും ദീര്‍ഘകാല തപസ്യയുടെ ഫലമാണ് ഈ വിജയം.

സുകുമാരനും മല്ലികയും ഒരുപോലെ ഭാവനാസമ്പന്നരാണ്. അവര്‍ രണ്ടുപേരും എന്റെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതോ ഒരു സ്വപ്ന , മാളിക പണിയുന്നവര്‍ എന്നീ സിനിമകളില്‍ മല്ലിക സംവിധാനത്തില്‍ സഹായിയുമായിരുന്നു . കൈനിക്കര കുടുംബത്തില്‍ ജനിച്ച അച്ഛനും എന്റെ നാടായ ഹരിപ്പാട്ട് കോട്ടക്കകത്തു വീട്ടില്‍ ജനിച്ച അമ്മയും മല്ലികയ്ക്കു നല്‍കിയ ജനിതകമൂല്യം ചെറുതല്ല. സുകുമാരനും ബുദ്ധിശക്തിയുടെയും ഭാവനയുടെയും കാര്യത്തില്‍ ഒന്നാമന്‍ തന്നെയായിരുന്നു. രണ്ടു ബുദ്ധിജീവികളുടെ സംഗമത്തില്‍ നിന്ന് പിറവിയെടുത്തവരാണ് ഇന്ദ്രജിത്തും പൃഥ്വിരാജും. പൃഥ്വിരാജിന് അന്തര്‍ദ്ദേശീയ അംഗീകാരം ലഭിച്ചാല്‍ ഏറ്റവുമധികം സന്തോഷിക്കുന്നതും അഭിമാനിക്കുന്നതും ഞാനായിരിക്കും.അതിനു കാരണമുണ്ട്. സുകുമാരനും മല്ലികയും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് ഞാനാണ്. വിവാഹം രജിസ്റ്റര്‍ ചെയ്ത സമയത്ത് സാക്ഷിയായി ഒപ്പിട്ട ആദ്യത്തെ വ്യക്തിയും ഞാന്‍ തന്നെ. ബെന്യാമിനും ബ്ലെസ്സിക്കും പൃഥ്വിരാജിനും ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മ്മാതാവിനും എന്റെ അഭിനന്ദനം.

Read also: ‘ആ ഒരു ഫോൺ കോൾ: എന്റെ കരിയർ തന്നെ മാറ്റി മറിച്ചു’: വെളിപ്പെടുത്തലുമായി മഞ്ജു പിള്ള