Bigg Boss Malayalam Season 6: ‘വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം: ഇത് കുടുംബങ്ങള്‍ കാണുന്ന ഷോ’: മുന്നറിയിപ്പുമായി ബിഗ് ബോസ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 നാലാം വാരത്തിലൂടെ മുന്നേറുമ്പോള്‍ മത്സരാര്‍ഥികള്‍ക്കിടയിലെ വീറും വാശിയും അതിനനുസരിച്ചു വർധിച്ചു വരികയാണ്. എന്നാല്‍ ചില മത്സരാര്‍ഥികള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും മുറുകുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാത്തത് തുടര്‍ച്ചയായി സംഭവിക്കുന്ന ഒരു കാര്യമായി മാറിയിരിക്കുകയാണ്. ജിന്‍റോ, ഗബ്രി, ജാസ്മിന്‍ എന്നിവരാണ് ഇക്കാര്യത്തില്‍ മുന്‍നിരയില്‍ നിൽക്കുന്ന മത്സരാർഥികൾ. തര്‍ക്കം വാക്കുകളാല്‍ കൈവിട്ട് പോകുന്ന സമയത്ത് പലപ്പോഴും മൈക്കിലൂടെ ബിഗ് ബോസ് ഇക്കാര്യം ഇവരെ അറിയിച്ചിട്ടുണ്ട്. ഇന്നലെ രണ്ട് മത്സരാര്‍ഥികളെ ഇക്കാര്യം കൊണ്ട് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കേണ്ടതായും വന്നു.

ഗബ്രിയെയും ജിന്‍റോയെയുമാണ് ബിഗ് ബോസ് ഗത്യന്തരമില്ലാതെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിച്ചത്. ഇത് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബപ്രേക്ഷകര്‍ കാണുന്ന ഷോ ആണെന്നും വീട്ടിലുള്ളവരെ നിങ്ങളുടെ തര്‍ക്കങ്ങളിലേക്ക് വലിച്ചിടരുതെന്നും ബിഗ് ബോസ് ഇരുവരോടുമായി പറഞ്ഞു. ഇതൊരു താക്കീത് ആണെന്നും.

എപ്പോഴും അഭിപ്രായവ്യത്യാസങ്ങളുള്ള മത്സരാര്‍ഥികളാണ് ഗബ്രിയും ജിന്‍റോയും. അതിനാല്‍ത്തന്നെ അഭിപ്രായവ്യത്യാസങ്ങളും തര്‍ക്കങ്ങളും പതിവാണ്. എന്നാല്‍ തര്‍ക്കം മുറുകുമ്പോള്‍ സഭ്യമല്ലാതെ സംസാരിക്കുന്നതും ഇവര്‍ പതിവാണ്. ബിഗ് ബോസിന് ഇവരുടെ തര്‍ക്കം കാണിക്കുമ്പോള്‍ തുടര്‍ച്ചയായി ബീപ് ഇടേണ്ടിവരാറുണ്ട്. വസ്ത്രങ്ങള്‍ ഹാളിലെ സോഫയില്‍ ഇട്ടെന്ന് ചൂണ്ടിക്കാട്ടി ജിന്‍റോ ജാസ്മിനെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതടക്കം ചൂണ്ടിക്കാട്ടി ജിന്‍റോയെ പ്രകോപിപ്പിക്കാന്‍ ഗബ്രി ശ്രമിച്ചതിന്‍റെ തുടര്‍ച്ചയായാണ് കണ്‍ഫെഷന്‍ റൂമിലേക്ക് ബിഗ് ബോസിന്‍‌റെ വിളി വന്നത്. റസ്മിന്‍, അപ്സര, ശ്രീരേഖ തുടങ്ങിയ മത്സരാര്‍ഥികള്‍ വിഷയത്തില്‍ ജിന്‍റോയ്ക്കെതിരെ നിലപാടെടുത്തപ്പോള്‍ ഇത്തരം വിഷയങ്ങളില്‍ ഒന്നും പറയില്ലെന്നായിരുന്നു ഋഷിയുടെ പ്രതികരണം. അതേസമയം അടുത്ത വാരാന്ത്യ എപ്പിസോഡിലും അവതാരകനെന്ന നിലയില്‍ മോഹന്‍ലാലിന് കാര്യമായി സംസാരിക്കാന്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Read also: ദിലീപ് നായകനാകുന്ന ‘പവി കെയർ ടേക്കറി’ലെ ആദ്യഗാനം പുറത്തിറങ്ങി