ദേശീയ പുരസ്കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റി ബോളിവുഡ് താരം അക്ഷയ് കുമാർ സംസാരിക്കുന്നതിന്റെ വിഡിയോ ഈയിടെ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. അക്ഷയ് കുമാർ പരാമർശിച്ച നടി ആരാണെന്ന അന്വേഷണത്തിലായിരുന്നു ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേമികൾ. അന്ന് അക്ഷയ് കുമാറിനൊപ്പം പുരസ്കാരം സ്വന്തമാക്കിയ നടി സുരഭി ലക്ഷ്മിയേക്കുറിച്ചാണ് അക്ഷയ് കുമാർ പറഞ്ഞതെന്ന് നിരവധി മലയാളി താരങ്ങൾ കമന്റുമായെത്തി. ഒടുവിൽ, സാക്ഷാൽ സുരഭി ലക്ഷ്മി തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
View this post on Instagram
‘‘ദേശീയ പുരസ്കാരം വാങ്ങാൻ പോയപ്പോൾ എന്റെ അടുത്ത് ഒരു പെൺകുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാർഡ് വാങ്ങാൻ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെൺകുട്ടി പറഞ്ഞു, ഞാൻ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതിൽ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവർ ചോദിച്ചു, ‘‘സർ… താങ്കൾ എത്ര സിനിമ ചെയ്‌തിട്ടുണ്ട്?’’ 135 സിനിമയോളം ഞാൻ ചെയ്തിട്ടുണ്ടെന്ന് ഞാൻ മറുപടി പറഞ്ഞു. അപ്പോൾ, ഞാൻ തിരിച്ചു ചോദിച്ചു, ‘‘കുട്ടി എത്ര സിനിമകൾ ചെയ്തിട്ടുണ്ട്?’’ ആ പെൺകുട്ടി പറഞ്ഞതുകേട്ട് ഞാൻ ഞെട്ടി. സർ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവർ പറഞ്ഞത്. ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്കാരം വാങ്ങാൻ എത്തിയിരിക്കുന്ന ആ പെൺകുട്ടിയോട് 135–ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാൻ വന്നിരിക്കുന്ന ഞാൻ എന്താണ് മറുപടി പറയേണ്ടത്?’’. അക്ഷയ്കുമാറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ഈ വീഡിയോയിൽ ബോളിവുഡ് സൂപ്പർതാരം പറയുന്നത് തന്നേക്കുറിച്ചാണെന്ന് സുരഭി കമന്റ് ചെയ്തു. ‘‘അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓർത്തിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ ഒരു ബഹുമതിയായി ഞാൻ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചുസമയം പങ്കുവയ്ക്കാൻ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാൻ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം ഇപ്പോഴും എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം.’’ സുരഭി ലക്ഷ്മി കുറിച്ചു.
2017-ലായിരുന്നു അക്ഷയ് കുമാറിനും സുരഭി ലക്ഷ്മിക്കും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. റുസ്തം എന്ന ചിത്രമായിരുന്നു അക്ഷയ് കുമാറിനെ മികച്ച നടനാക്കിയത്. അനിൽ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് സുരഭി പുരസ്കാരത്തിനർഹയായത്. ഇതേചിത്രത്തിലൂടെ നാൽപ്പത്തിയേഴാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക പരാമർശവും സുരഭിയെ തേടിയെത്തിയിരുന്നു.
Read also: ‘ഇലുമിനാറ്റി’യുമായി സുഷിൻ ശ്യാം: ട്രെൻഡിങ്ങിൽ ഇടം നേടി ആവേശത്തിലെ പാട്ട്