തിരുവനന്തപുരം: സാമ്പത്തിക വർഷം ആരംഭിച്ചു 4 ദിവസം പിന്നിട്ടിട്ടും കടമെടുപ്പിന് അനുമതി ലഭിക്കാത്തതിനാൽ കേന്ദ്ര സർക്കാരിനെ സമീപിക്കാൻ കേരളം. സാമ്പത്തിക വർഷം ആരംഭിക്കും മുൻപു തന്നെ കിട്ടേണ്ട അനുമതിയാണ് വൈകുന്നത്. ഇതു കാരണം, റിസർവ് ബാങ്കിൽ നിന്നു വെയ്സ് ആൻഡ് മീൻസ് അഡ്വാൻസും നികുതി വരുമാനങ്ങളും ട്രഷറിയിൽ ബാക്കിയുണ്ടായിരുന്ന തുകയും വച്ചാണു സർക്കാർ ശമ്പളവും പെൻഷനും പെൻഷൻ പരിഷ്കരണ കുടിശികയും വിതരണം ചെയ്യുന്നത്. വൈകാതെ ഓവർഡ്രാഫ്റ്റും എടുക്കേണ്ടി വരും. രണ്ടാഴ്ചയ്ക്കുള്ളിൽ 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ 1,500 കോടിയോളം രൂപ കൂടി കണ്ടെത്തുകയും വേണം.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ 44,528 കോടിയാണ് ഈ വർഷം സംസ്ഥാന സർക്കാർ കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. ഇതിൽ 15,000 കോടി രൂപയിലേറെ കിഫ്ബിയുടെയും മറ്റും വായ്പയുടെ പേരിൽ കടമെടുപ്പു പരിധിയിൽ നിന്നു വെട്ടിക്കുറയ്ക്കുമെന്ന് ഉറപ്പാണ്. ഇത് ഒഴിവാക്കാനുള്ള സർക്കാർ ശ്രമം സുപ്രീംകോടതിയിൽ വിജയിച്ചുമില്ല. കോടതി വിധി പ്രതികൂലമായതിനാൽ കേന്ദ്രം കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനത്തിനു മേൽ അടിച്ചേൽപിക്കുമെന്ന ആശങ്ക ഇപ്പോഴുണ്ട്. ഈ വർഷം ഓരോ സംസ്ഥാനത്തിനും ആകെ കടമെടുക്കാവുന്ന തുക എത്രയാണെന്നു കേന്ദ്രം അറിയിച്ച ശേഷമേ കടപ്പത്രം പുറപ്പെടുവിക്കാൻ റിസർവ് ബാങ്ക് അവസരമൊരുക്കൂ.
ഇതുവരെ ഈ നടപടിക്രമം കേന്ദ്രസർക്കാർ പൂർത്തിയാക്കാത്തതിനാൽ അതു ചെയ്യുംവരെ ഇടക്കാല വായ്പയ്ക്കാണ് കേരളം അനുമതി തേടുന്നത്. കടമെടുക്കുന്ന തുക പിന്നീട് അനുവദിക്കുന്ന തുകയിൽ ക്രമീകരിക്കാമെന്നും അറിയിക്കും. സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ തന്നെ കടുത്ത സമ്മർദമാണു സർക്കാർ നേരിടുന്നത്. സർവീസ് പെൻഷൻകാരിൽ ഒരു വിഭാഗത്തിന് ഇതുവരെ പെൻഷൻ പരിഷ്കരണ കുടിശിക ലഭിച്ചില്ലെന്നു പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു വിരമിച്ച ഒട്ടേറെപ്പേർക്കും പെൻഷൻ ലഭിച്ചിട്ടില്ല. സാങ്കേതിക തകരാറാണെന്നാണു സർക്കാരിന്റെ വിശദീകരണം.