‘സീതാ രാമം’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് മൃണാൾ താക്കൂർ. ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായികയായാണ് മൃണാൾ താക്കൂർ എത്തിയത്. ഹിന്ദി സീരിയലുകളിലൂടെയാണ് താരം സിനിമയിൽ എത്തുന്നത്. സോഷ്യൽ മീഡിയയിലും സജീവമാണ് മൃണാൾ.
ഒരു സമയത്ത് തെലുങ്ക് ഇൻഡസ്ട്രി ഉപേക്ഷിക്കാൻ താൻ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടി മൃണാൽ താക്കൂർ. ഭാഷ പ്രശ്നമായിരുന്ന താനിപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങൾ ചെയ്യാൻ കാരണം ദുൽഖർ സൽമാൻ ആണെന്നും താരം വ്യക്തമാക്കി. ദുൽഖർ സൽമാൻ ഫാൻസ് ക്ലബ്ബിൻ്റെ പ്രസിഡൻ്റ് എന്നാണ് താരം സ്വയം വിശേഷിപ്പിച്ചത്. ഒരു അഭിമുഖത്തിലായിരുന്നു മൃണാൽ താക്കൂറിൻ്റെ പ്രതികരണം.
‘സിനിമ ഉപേക്ഷിക്കാൻ ആഗ്രഹിച്ച നിമിഷങ്ങൾ ഉണ്ടായിട്ടുണ്ട്, കരഞ്ഞു പോയ നിമിഷങ്ങളും ഉണ്ടായി. പക്ഷേ ഓരോ തുള്ളി കണ്ണുനീരും എനിക്ക് പിന്നീട് പ്രശംസകളായി മാറി. ദുൽഖർ ദൈവത്തിൻ്റെ കുട്ടിയാണ്. ദുൽഖർ സൽമാൻ ഫാൻസ് ക്ലബ്ബിൻ്റെ പ്രസിഡൻ്റാണ് ഞാൻ എന്ന് പറയാൻ എനിക്ക് മടിയില്ല, കാരണം അത്രമാത്രം ഞാൻ അദ്ദേഹത്തെ ആരാധിക്കുന്നു. അത്രയ്ക്ക് അർപ്പണബോധമുള്ള നടനായ അദ്ദേഹം ഭാഷയെക്കുറിച്ച് ഭയപ്പെടുന്നില്ല. കാശ്മീരിൽ വെച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞത് ഓർക്കുന്നു, ‘‘സീതാരാമം തെലുങ്കിലെ എൻ്റെ ആദ്യത്തെയും അവസാനത്തെയും ചിത്രമാണ്. ഇനി ഞാൻ ഒരു തെലുങ്ക് സിനിമയും ചെയ്യില്ല‘‘. ദുൽഖർ എന്നെ നോക്കി ‘‘നമുക്ക് കാണാം‘’ എന്ന് പറഞ്ഞു. ഞാൻ ഇന്ന് തമിഴ് സിനിമയോ കന്നഡ സിനിമയോ ചെയ്യുന്നതിൻ്റെ ഒരു കാരണം അദ്ദേഹം ആണെന്ന് ഞാൻ കരുതുന്നു’, മൃണാൽ താക്കൂർ പറഞ്ഞു.
ഹിന്ദിയും മറാഠിയും തനിക്ക് ഇഷ്ടപ്പെട്ട ഭാഷകളായിരുന്നതിനാൽ തെലുങ്ക് അറിയാത്തത് എന്തോ കുറവായി തോന്നിയെന്നും സംഭാഷണം മനസിലാക്കാൻ തന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്തു നോക്കിയെന്നും താരം ചൂണ്ടിക്കാട്ടി. പക്ഷേ ലിപ്സിങ്ക് ബുദ്ധിമുട്ടായിരുന്നുവെന്നും അത് തന്നെ അസ്വസ്ഥയാക്കിയെന്നും നടി കൂട്ടിച്ചേർത്തു.
‘സീതാ രാമം’ എന്ന ചിത്രത്തിലൂടെയാണ് മൃണാൽ താക്കൂർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കുന്നത്. ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു. സിത്താര എന്റർടെയിൻമെന്റ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്ന് നിർമ്മിച്ച ഈ പാൻ ഇന്ത്യൻ ചിത്രം സംവിധാനം ചെയ്തത് വെങ്കി അറ്റ്ലൂരിയാണ്.
Read also: കേരള സ്റ്റോറി സിനിമ ദൂരദർശൻ പ്രദർശിപ്പിക്കരുത്: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രമേയം