ന്യൂഡല്‍ഹി: എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നിന്ന് ബാബരി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവുമായി വെട്ടിമാറ്റി, പകരം ഉൾപ്പെടുത്തിയത് രാമക്ഷേത്ര നിർമാണം. ഈ അക്കാദമിക് വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് വെട്ടിമാറ്റലും കൂട്ടിച്ചേർക്കലും.
2024-25 അധ്യയനവർഷത്തേക്കുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായുള്ള മാറ്റങ്ങളാണ് നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) വരുത്തിയിരിക്കുന്നത്. ബാബരി മസ്ജിദ് തകർത്തു എന്ന പരാമർശം മാറ്റി സുപ്രീംകോടതി ഇടപെടലിലൂടെ രാമക്ഷേത്രം നിർമിച്ചു എന്ന് ചേർത്തു. പ്ലസ് ടു സോഷ്യോളജി പാഠപുസ്തകത്തിൽ ഇന്ത്യൻ സൊസൈറ്റിയെന്ന ആറാം അധ്യായത്തിൽ വർഗീയകലാപങ്ങളുടെ ചിത്രവും ഒഴിവാക്കി.
12-ാം ക്ലാസ് സോഷ്യോളജി പുസ്തകത്തിൽനിന്നും, നർമദാ നദിയിലെ സർദാർ സരോവർ അണക്കെട്ടും ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിലെ പോളവാരം അണക്കെട്ടും പോലുള്ള പദ്ധതികൾ ലക്ഷക്കണക്കിന് ആദിവാസികളെ കുടിയിറക്കി, ആദിവാസികളെ വലിയ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു എന്ന ഭാഗവും ഒഴിവാക്കിയിട്ടുണ്ട്.
മാറ്റങ്ങൾ വ്യാഴാഴ്ച എൻ.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയത്തിലെ ഏറ്റവും പുതിയ വികാസങ്ങൾക്കനുസരിച്ച് ഉള്ളടക്കം അപ്‌ഡേറ്റ് ചെയ്തതാണെന്ന് എൻ.സി.ഇ.ആർ.ടി പറയുന്നു.