മാള: നടന്‍ മാള അരവിന്ദനെ അനുസ്മരിക്കാന്‍ സിനിമാരംഗത്തുനിന്ന് ആരെയെങ്കിലും തരപ്പെടുത്തിത്തരണമെന്ന അഭ്യര്‍ഥനയുമായി മാള അരവിന്ദന്‍ ഫൗണ്ടേഷന്‍. ഇതിനായി അഭിനേതാക്കളുടെ സംഘടനാഭാരവാഹികള്‍ക്ക് ഫൗണ്ടേഷൻ കത്ത് നല്‍കി. മോഹന്‍ലാല്‍, ഇടവേള ബാബു എന്നിവര്‍ക്കാണ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് കത്തയച്ചത്.
മാള അരവിന്ദന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണച്ചടങ്ങിലേക്ക് കഴിഞ്ഞ എട്ടുവര്‍ഷവും സിനിമാരംഗത്തുള്ളവരെ പങ്കെടുപ്പിക്കുന്നതിനായി പ്രയാസപ്പെടുകയായിരുന്നുവെന്നും ഇത്തവണ ആരും തയ്യാറായില്ലെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരിയില്‍ നടത്താറുള്ള അനുസ്മരണച്ചടങ്ങ് ഈ വര്‍ഷം നടത്താനായില്ല. ദേവന്‍, നാദിര്‍ഷാ, ഡോ. ആര്‍.എല്‍.വി. രാമകൃഷ്ണന്‍ എന്നിവര്‍ മാത്രമാണ് ഇതുവരെ മാളയുടെ അനുസ്മരണച്ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളത്.
അറുനൂറോളം മലയാളസിനിമകളില്‍ അഭിനയിച്ചിട്ടുള്ള മാള അരവിന്ദന്റെ അനുസ്മരണച്ചടങ്ങിലേക്ക് ക്ഷണിക്കുമ്പോള്‍ പലരും ഒഴിഞ്ഞുമാറുന്ന അവസ്ഥയുണ്ടെന്ന് കത്തില്‍ പറയുന്നു. പിന്നാക്കവിഭാഗക്കാരനായതിനാലാണ് സര്‍ക്കാര്‍ സ്മാരകംപോലും നിര്‍മിക്കാതെ മാളയോട് അവഗണന കാണിക്കുന്നത്. ഇക്കാര്യത്തില്‍ അമ്മ എന്ന സംഘടന ഇടപെട്ടില്ല. സഹപ്രവര്‍ത്തകരുടെ അനുസ്മരണച്ചടങ്ങുകളില്‍ അംഗങ്ങള്‍ പങ്കെടുക്കണമെന്ന നിര്‍ദേശം സംഘടന മുന്നോട്ടുവയ്ക്കണമെന്നും മോഹന്‍ലാലിനും ഇടവേള ബാബുവിനും അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.