ന്യൂഡൽഹി: 2024-’25 അധ്യയനവർഷം മുതൽ 11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ സി.ബി.എസ്.ഇ. മാറ്റം വരുത്തുന്നു. മനഃപാഠം പഠിച്ച് എഴുതുന്നതിനുപകരം ആശയങ്ങളുടെ പ്രയോഗം വിലയിരുത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരണമെന്ന് സി.ബി.എസ്.ഇ. ഡയറക്ടർ (അക്കാദമിക്‌സ്) ജോസഫ് ഇമ്മാനുവൽ പറഞ്ഞു. മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ, കേസ് അധിഷ്ഠിത ചോദ്യങ്ങൾ, ഉറവിട അധിഷ്ഠിത സംയോജിത ചോദ്യങ്ങൾ എന്നിവ 40 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കും. ഹ്രസ്വവും ദീർഘവുമായ ഉത്തരങ്ങൾ എഴുതേണ്ട കൺസ്ട്രക്റ്റഡ് റെസ്‌പോൺസ് ചോദ്യങ്ങൾ 40-ൽ നിന്ന് 30 ശതമാനമായി കുറച്ചു.
2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി ബോർഡ് സ്‌കൂളുകളിൽ യോഗ്യതാധിഷ്ഠിത വിദ്യാഭ്യാസം നടപ്പിലാക്കുന്നതിനുള്ള നടപടിയാണിത്.വിദ്യാർഥികളുടെ ചിന്താശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസുകളിലെ പരീക്ഷാരീതിയിൽ മാറ്റമില്ല.