തിരുവനന്തപുരം: എൻ.സി.ഇ.ആർ.ടിയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പും നീക്കം ചെയ്ത പാഠഭാഗങ്ങൾ കേരള എൻജിനീയറിങ് എൻട്രൻസിന്റെ സിലബസിൽ ഉൾപ്പെടുത്തി വിദ്യാർഥികളോട് പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ വെല്ലുവിളി.
പഠനഭാരം ചൂണ്ടിക്കാട്ടി ആദ്യം എൻ.സി.ഇ.ആർ.ടിയും പിന്നീട്, വിദ്യാഭ്യാസ വകുപ്പും നീക്കം ചെയ്യുകയും പഠിപ്പിക്കാതിരിക്കുകയും ചെയ്തവയാണ് ജൂൺ ഒന്നു മുതൽ ഒമ്പതു വരെ നടത്താൻ നിശ്ചയിച്ച കേരള എൻട്രൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരാതിയുമായി സമീപിച്ച വിദ്യാർഥികളോട് ഇത് മത്സരപ്പരീക്ഷയാണെന്നും മുഴുവൻ പാഠഭാഗങ്ങളും പഠിക്കണമെന്നുമുള്ള മറുപടിയാണ് പ്രവേശന പരീക്ഷാ കമീഷണറേറ്റിൽ നിന്ന് നൽകിയത്.
ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളിൽ നിന്നാണ് പാഠഭാഗങ്ങൾ ഒഴിവാക്കിയത്. ഇക്കാര്യം എസ്.സി.ഇ.ആർ.ടി പ്രവേശന പരീക്ഷ കമീഷണറേറ്റിനെ രേഖാമൂലം അറിയിക്കുകയും പ്രോസ്പെക്ടസ് പരിഷ്കരണത്തിന്റെ ഭാഗമായുള്ള യോഗത്തിൽ ഉന്നയിക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഇതൊന്നും പരിഗണിക്കാതെ സ്കൂളുകളിൽ പഠിപ്പിക്കാതെ ഒഴിവാക്കിയ പാഠഭാഗങ്ങൾ മാറ്റമില്ലാതെ പകർത്തിവെച്ച സിലബസ് സഹിതമാണ് പ്രവേശന പരീക്ഷ പ്രോസ്പെക്ടസ് തയാറാക്കിയതും ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച് ഉത്തരവിറക്കിയതും.
Read also: 2024-’25 അധ്യയനവർഷം മുതൽ സി.ബി.എസ്.ഇ.11, 12 ക്ലാസുകളിലെ പരീക്ഷാരീതിയിൽ മാറ്റം