അച്ഛന്റെ കൈ പിടിച്ചു കതിർമണ്ഡപത്തിലേക്ക്: താരനിറവിൽ നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യയുടെ വിവാഹം

നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ വിവാഹിതയായി. രോഹിത് ആണ് വരൻ. തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബിൽ വച്ചായിരുന്നു വിവാഹം. താര സാന്നിധ്യത്തിലാണ് വിവാഹച്ചടങ്ങുകൾ നടന്നത്.

വരനെയും ബന്ധുക്കളെയും മണ്ഡപത്തിലേക്ക് ആനയിക്കുന്ന ബൈജുവിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ബൈജു, രഞ്ജിത ദമ്പതികളുടെ മകളാണ് ഐശ്വര്യ. ലോകനാഥ് ആണ് ദമ്പതികളുടെ മകൻ. തിരുവനന്തപുരം നഗരത്തിൽനിന്നുള്ള താരങ്ങൾ നിറഞ്ഞ വിവാഹവേദിയിലാണ് ഐശ്വര്യ സുമംഗലിയായത്.

ഡോക്ടർ ആണ് ഐശ്വര്യ. ആമസോണ്‍ കമ്പനിയില്‍ എഞ്ചിനീയറാണ് രോഹിത്. ഷാജി കൈലാസ്, ആനി, സോന നായർ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിനെത്തിയിരുന്നു.

തൃശൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്കിൽ സുരേഷ് ഗോപിക്ക് എത്തിച്ചേരാൻ സാധിച്ചില്ല എങ്കിലും, ഭാര്യ രാധികാ സുരേഷ് ഗോപി വിവാഹത്തിൽ തന്റെ സാന്നിധ്യമറിയിച്ചു. ഇക്കഴിഞ്ഞ ജനുവരി മാസത്തിലായിരുന്നു സുരേഷ് ഗോപി, രാധിക ദമ്പതികളുടെ മകൾ ഭാഗ്യാ സുരേഷ് വിവാഹിതയായത്.

മുൻകാല നടി കാർത്തിക വിവാഹത്തിന് എത്തിയപ്പോൾ. വിവാഹശേഷം സിനിമ വിട്ട കാർത്തിക പിന്നീട് സിനിമയിൽ സജീവമായില്ല. എന്നിരുന്നാലും താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ കാർത്തിക നിറസാന്നിധ്യമാണ്.

ഭാര്യ ആനിക്കൊപ്പം വിവാഹത്തിന് എത്തിച്ചേർന്ന സംവിധായകൻ ഷാജി കൈലാസ്. ആനി നിലവിൽ ടി.വി. അവതാരകയായി സജീവമാണ്. ഷാജി, ആനി ദമ്പതികളുടെ മൂത്തമകൻ ജഗൻ സിനിമാ സംവിധാനത്തിലും ഏറ്റവും ഇളയമകൻ റുഷിൻ നായകനായും അരങ്ങേറ്റം കുറിക്കുകയാണ്.