തിരുവനന്തപുരം: കേരളത്തിലെ ഭരണ-പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധങ്ങളും പരാതികളും മുഖവിലയ്ക്കെടുക്കാതെ ദൂരദർശനിൽ ‘ദ കേരള സ്റ്റോറി’ പ്രദർശിപ്പിച്ചു. കേരളത്തെ മോശമായി ചിത്രീകരിക്കുന്നു എന്ന ആക്ഷേപം നേരിട്ട ഈ സിനിമ പ്രദർശിപ്പിക്കാനുള്ള കേന്ദ്രതീരുമാനത്തിനെതിരേ സി.പി.എമ്മും കോൺഗ്രസുമുൾപ്പെടെ ഇലക്ഷൻ കമ്മിഷന് പരാതി നൽകിയിരുന്നു. ഡി.ഡി. നാഷണൽ ചാനലിൽ വെള്ളിയാഴ്ച രാത്രി എട്ടിനാണ് ചിത്രം സംപ്രേക്ഷണം ചെയ്തത്.
തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഈ സിനിമ സംപ്രേക്ഷണം ചെയ്യുന്നതിനുപിന്നിൽ ആർ.എസ്.എസിന്റെ രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് പ്രധാന ആരോപണമുയർന്നത്. സംപ്രേക്ഷണം വിലക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കത്ത് നൽകിയിരുന്നു. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് പെരുമാറ്റചട്ട ലംഘനമാണെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി.
ഇടപെടാതെ ഹൈക്കോടതി
കൊച്ചി: ‘കേരള സ്റ്റോറി’ എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. വെള്ളിയാഴ്ച രാത്രി ദൂരദർശനിയിൽ സിനിമ പ്രദർശിപ്പിക്കുന്നത് തടയണമെന്നായിരുന്നു തിരുവനന്തപുരം സ്വദേശി കെ.ജി. സൂരജ് അഡ്വ. എസ്.കെ. ആദിത്യൻവഴി നൽകിയ ഹർജിയിലെ ആവശ്യം.
സിനിമ പ്രദർശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് ഹർജിയിലെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷനടക്കം ഇ-മെയിലും അയച്ചിരുന്നു. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾക്കായി കാക്കാതെ കോടതിയിലെത്തിയതു ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാനാകില്ലെന്ന് ജസ്റ്റിസ് ടി.ആർ. രവി വ്യക്തമാക്കിയത്. ഹർജി ഏപ്രിൽ 11-ന് പരിഗണിക്കാൻ മാറ്റുകയും ചെയ്തു.
Read also: ‘വെറും ഒൻപത് ദിവസം’: ചരിത്രനേട്ടം സ്വന്തമാക്കി ‘ആടുജീവിതം’