ഫഹദ് ഫാസിലിനെ നായകനാക്കി വിപിൻ ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തെന്നിന്ത്യൻ താരം എസ് ജെ സൂര്യ. വിപിൻ ദാസ് ഹൈദരബാദിൽ വെച്ച് എസ് ജെ സുര്യയുമായി കൂടിക്കാഴ്ച നടത്തിയതായും കഥ ചർച്ച ചെയ്തതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
എന്നാൽ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. ബാദുഷ സിനിമാസിന്റെ ബാനറിൽ ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുന്ന നടനാണ് എസ് ജെ സൂര്യ. ഫഹദിനൊപ്പം എസ് ജെ സൂര്യയും ഒന്നിക്കുമ്പോൾ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
അതേസമയം ഗുരുവായൂരമ്പല നടയിൽ എന്ന സിനിമയുടെ തിരക്കിലാണ് ഇപ്പോൾ വിപിൻ ദാസ്. പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ4 എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.