ചെന്നൈ: പരിശോധനയ്ക്കായി നടി മഞ്ജു വാര്യരുടെ കാർ തിരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് തടഞ്ഞുനിർത്തിയപ്പോൾ ആരാധകർക്ക് ആഹ്ളാദം. താരത്തിനൊപ്പം സെൽഫിയെടുക്കാൻ ലഭിച്ച അവസരം അവർ പാഴാക്കിയില്ല. തിരുച്ചിറപ്പള്ളി-അരിയല്ലൂർ ദേശീയ പാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം നഗരം എന്ന സ്ഥലത്താണ് മഞ്ജു വാര്യരുടെ കാർ തടഞ്ഞുനിർത്തി ഉദ്യോഗസ്ഥർ പരിശോധിച്ചത്. കാറിൽ താരമാണെന്ന് കണ്ടതോടെ അതുവഴി കടന്നുപോയവർ സെൽഫിയെടുക്കാനെത്തുകയായിരുന്നു.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈ-2 ന്റെ ചിത്രീകരണത്തിനാണ് മഞ്ജു വാര്യർ തിരുച്ചിറപ്പള്ളിയിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഫ്ളൈയിങ് സ്ക്വാഡ് കൈകാട്ടി നിർത്തിയത്. വളരെ സൗഹൃദപരമായാണ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്നും അവരുടെ നിർദേശപ്രകാരം പരിശോധനയ്ക്ക് സഹകരിച്ചെന്നും മഞ്ജു പറഞ്ഞു.
#WATCH | Tamil Nadu: Actress Manju Warrier’s car was checked by election officials in Trichy.
After the inspection, Manju Warrier left from Trichy. pic.twitter.com/1gnNBnYfrm
— ANI (@ANI) April 7, 2024
കാറിന്റെ ഡ്രൈവിങ് സീറ്റിൽ മഞ്ജു വാര്യരെ കണ്ടതോടെ ആളുകൾ സെൽഫിയെടുക്കാൻ എത്തുകയായിരുന്നു. കാറിൽ ഇരുന്നുതന്നെ താരം സെൽഫിക്ക് പോസ് ചെയ്തു. പിന്നീട് പരിശോധന പൂർത്തിയാക്കി മഞ്ജു യാത്ര തുടർന്നു.
ഞായറാഴ്ച ഡി.എം.കെ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും തൂത്തുക്കുടി സ്ഥാനാർഥിയുമായ കനിമൊഴിയെയും യാത്രാമധ്യേ തടഞ്ഞുനിർത്തി ഫ്ളൈയിങ് സ്ക്വാഡ് പരിശോധിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ വോട്ടിനായി പണം വിതരണം ചെയ്യുന്നെന്ന പരാതി വ്യാപകമായതിനാൽ തമിഴ്‌നാട്ടിൽ വാഹനപരിശോധന കർശനമാണ്.
Read also: ‘ഫാമിലി സ്റ്റാർ’ ചിത്രത്തിനെതിരെ നെഗറ്റിവ് ക്യാംപെയിൻ: ക്രൈം സെല്ലിന് പരാതി നൽകി നിർമാതാക്കൾ