പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്ഥലമായ ഗുജറാത്തിലെ കച്ച് ജില്ലയില്‍ നിന്ന് ഒരു ദളിത് കുടുംബത്തിനെ ഇലക്ട്രല്‍ ബോണ്ടിന്റെ പേരില്‍ കബളിപ്പിച്ച് ബി.ജെ.പി. 2023 ഒക്ടോബര്‍ 11നാണ് ദളിത് കുടുംബത്തിലെ ആറ് അംഗങ്ങളുടെ പേരില്‍ പതിനൊന്നു കോടി പതിനാലായിരം രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട എസ്.ബി.ഐ കണക്കുകള്‍ അനുസരിച്ച് ഇതില്‍ 10 കോടി രൂപയുടെ ബോണ്ടുകള്‍ 2023 ഒക്ടോബര്‍ 16ന് ബി.ജെ.പി എന്‍ക്യാഷ് ചെയ്യുകയും ഒരു കോടി 14,000 രൂപാ മൂല്യമുള്ള ബോണ്ടുകള്‍ ശിവസേന അതേ മാസം 18ന് പണമാക്കുകയും ചെയ്തു.
എന്നാല്‍, അദാനി ഗ്രൂപ്പുമായി ബന്ധമുള്ള വെല്‍സ്പണ്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിലെ ഒരു ഉദ്യോഗസ്ഥന്‍ തങ്ങളെ കബളിപ്പിച്ച് ഈ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങുകയായിരുന്നുവെന്ന് ദളിത് കുടുംബം ആരോപണവുമായി രംഗത്തു വന്നിട്ടുണ്ട്. ‘വെല്‍സ്പണ്‍ ഞങ്ങളുടെ അഞ്ജാറിലെ 43,000 ചതുരശ്ര മീറ്റര്‍ കൃഷിഭൂമി പ്രോജക്റ്റിനായി ഏറ്റെടുത്തു. ഇതിനു നിയമപ്രകാരം നല്‍കിയ നഷ്ടപരിഹാരമാണ് ഈ പണം. എന്നാല്‍ ഈ പണം നിക്ഷേപിക്കുന്ന സമയത്ത്, സീനിയര്‍ ജനറല്‍ മാനേജരായ മഹേന്ദ്രസിങ് സോധ പറഞ്ഞത് കമ്പനി, ഇത്രയും വലിയ തുക നല്‍കുന്നത് ആദായനികുതി വകുപ്പിന് പ്രശ്നമുണ്ടാക്കുമെന്നായിരുന്നു.
തുടര്‍ന്ന് അദ്ദേഹം ഞങ്ങളെ ഇലക്ടറല്‍ ബോണ്ട് സ്‌കീമിലേക്ക് പരിചയപ്പെടുത്തി. അത് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ക്ക് 1.5 ഇരട്ടി തുക ലഭിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. 2005ല്‍, അദാനി ഗ്രൂപ്പ് വെല്‍സ്പണ്‍ നാച്ചുറല്‍ റിസോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി വെല്‍സ്പണ്‍ എക്‌സ്‌പ്ലോറേഷന്‍ ലിമിറ്റഡ് എന്ന സംയുക്ത സംരംഭം ആരംഭിക്കാനായിരുന്നു ഭൂമി ഏറ്റെടുത്തത്. ബോണ്ടുകള്‍ വാങ്ങാന്‍ തങ്ങളെ കബളിപ്പിച്ചതായി അവകാശപ്പെടുന്ന കുടുംബത്തിലെ ആറുപേരില്‍ ഒരാളായ സവകര മന്‍വറിന്റെ മകനാണ് ഹരേഷ് സവകര. നിരക്ഷരരായ ആളുകളാണ് കുടുംബത്തിലുള്ളത്. ഈ പദ്ധതി എന്താണെന്ന് ഞങ്ങള്‍ക്ക് ഒരു സൂചനയും ഇല്ലായിരുന്നു, എന്നാല്‍ ആ സമയത്ത് അത് വളരെ ബോധ്യപ്പെടുത്തുന്നതായിരുന്നു എന്ന് നാല്‍പ്പത്തൊന്നു വയസ്സുകാരന്‍ ഹരേഷ് സവകര പറയുന്നു.
സവകര, 2024 മാര്‍ച്ച് 18ന് അഞ്ജാര്‍ പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച പരാതി നല്‍കി. പരാതിയില്‍ വെല്‍സ്പണ്‍ ഡയറക്ടര്‍മാരായ വിശ്വനാഥന്‍ കൊല്ലങ്കോട്, സഞ്ജയ് ഗുപ്ത, ചിന്തന്‍ താക്കര്‍, പ്രവീണ്‍ ബന്‍സാലി, മഹേന്ദ്രസിങ് സോധ (വെല്‍സ്പണിലെ സീനിയര്‍ ജനറല്‍ മാനേജര്‍), വിമല്‍ കിഷോര്‍ ജോഷി (അഞ്ചാര്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍), ഡാനി രജനികാന്ത് ഷാ എന്ന ഹേമന്ത് (ബിജെപിയുടെ അഞ്ജാര്‍ സിറ്റി പ്രസിഡന്റ്) എന്നിവരെ കേസില്‍ പ്രതികളാക്കി. എന്നാല്‍ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പരാതി പരിശോധിച്ചു വരികയാണെന്നാണ് പോലീസ് പറയുന്നത്. പരാതിയില്‍ കഴമ്പുണ്ടെങ്കില്‍ എഫ്.ഐ.ആര്‍ ഇടും.
ഹരേഷ് സവകര അഞ്ജാര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇതാണ്:
2023 ഓഗസ്റ്റില്‍ തങ്ങളുടെ കൃഷിഭൂമി വെല്‍സ്പണിന് 16,61,21,877 രൂപയ്ക്ക് (പതിനാറ് കോടി അറുപത്തിയൊന്ന് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തിഎണ്ണൂറ്റി എഴുപത്തിയേഴ്) വില്‍ക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കിയതായി അഞ്ജാര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പരാതിക്കാര്‍ ആരോപിച്ചു. ഇതില്‍ 2,80,15,000 രൂപ (രണ്ട് കോടി എണ്‍പത് ലക്ഷത്തി പതിനയ്യായിരം) മുന്‍കൂറായി നല്‍കിയപ്പോള്‍ ബാക്കി 13,81,09,877 രൂപ (പതിമൂന്ന് കോടി എണ്‍പത്തിയൊന്ന് ലക്ഷത്തി തൊള്ളായിരത്തി എണ്ണൂറ്റി എഴുപത്തിയേഴ്) ഏഴ് ജോയിന്റ് ഹോള്‍ഡര്‍മാര്‍ക്കായി മാറ്റി.
2023 ഒക്ടോബര്‍ 1 നും 2023 ഒക്ടോബര്‍ 8 നും ഇടയില്‍, ഏറ്റെടുക്കല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്ന വെല്‍സ്പണ്‍ ജീവനക്കാരനായ മഹേന്ദ്രസിങ് സോധ, കമ്പനിയുടെ കോമ്പൗണ്ടിലെ വെല്‍സ്പണിന്റെ ഗസ്റ്റ് ഹൗസില്‍ വെച്ച് സവകരയും മകന്‍ ഹരേഷുമായി നാല് തവണ കൂടിക്കാഴ്ച നടത്തി പണം നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിച്ചുവെന്നും പരാതിക്കാര്‍ ആരോപിച്ചു. ആദായനികുതി പ്രശ്നങ്ങളും മികച്ച വരുമാനവും ചൂണ്ടിക്കാട്ടിയാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതിയെ അവതരിപ്പിച്ചത്. കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് ആദ്യം പണം നിക്ഷേപിക്കുകയും പിന്നീട് എസ്.ബി.ഐയുടെ ഗാന്ധിനഗര്‍ ബ്രാഞ്ചില്‍ ഡെബിറ്റ് ചെയ്യുകയുമായിരുന്നു. ബിജെപി അഞ്ജാര്‍ സിറ്റി പ്രസിഡന്റ് ഹേമന്ത് രജനികാന്ത് ഷാ ഈ യോഗങ്ങളുടെ ഭാഗമായിരുന്നുവെന്നും സവകര പരാതിയില്‍ ആരോപിച്ചു. എന്നാല്‍, കൂടിക്കാഴ്ചകളെക്കുറിച്ചോ കേസിനെക്കുറിച്ചോ തനിക്ക് അറിയില്ലെന്നാണ് ഷാ പറയുന്നത്. ഈ കേസ് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
2022 ഒക്ടോബറിലാണ് മന്‍വര്‍ കുടുംബം കൃഷിചെയ്തിരുന്ന ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. മന്‍വര്‍ കുടുംബത്തെ പ്രതിനിധീകരിച്ച് അഞ്ജാറിലെ അഭിഭാഷകനായ ഗോവിന്ദ് ദഫാദ പറഞ്ഞതനുസരിച്ച്, കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല ഭൂമി ഏറ്റെടുക്കല്‍ കമ്മിറ്റി ഭൂമിയുടെ മൂല്യം 2000 രൂപയായി കണക്കാക്കിയിരുന്നു. ‘ഗുജറാത്തിലെ അഗ്രികള്‍ച്ചറല്‍ ലാന്‍ഡ് സീലിംഗ് നിയമങ്ങള്‍ക്കനുസൃതമായി, ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ലാന്‍ഡ് ഇവാലുവേഷന്‍ കമ്മിറ്റി മന്‍വര്‍ കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിക്ക് ചതുരശ്ര മീറ്ററിന് 17,500 രൂപ വില നിശ്ചയിച്ചു. മൊത്തം നഷ്ടപരിഹാരം ഏകദേശം കണക്കാക്കി. 76 കോടി രൂപയായിരുന്നു ആകെ വില. ഈ ഭീമമായ തുക നല്‍കാന്‍ വെല്‍സ്പണ്‍ തയ്യാറായില്ല. തുടര്‍ന്ന് ഒരു വര്‍ഷത്തോളം ഈ പ്രക്രിയ സ്തംഭിച്ചു.
എന്നാല്‍, ഏറ്റെടുക്കല്‍ നിരക്ക് നിശ്ചയിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ നടപടികള്‍ അസാധുവാകും. വീണ്ടും നടപടി ക്രമങ്ങള്‍ ആരംഭിക്കേണ്ടിവരും. ഈ പ്രക്രിയ അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, മെഹുല്‍ ദേശായി, ഡെപ്യൂട്ടി ഭൂമിയുടെ മൂല്യം 16,61,21,877 രൂപയായി (പതിനാറ് കോടി അറുപത്തിയൊന്ന് ലക്ഷത്തി ഇരുപത്തി ഒന്നായിരത്തി എണ്ണൂറ്റി എഴുപത്തിയേഴു) കുറയ്ക്കാന്‍ കച്ചിലെ കളക്ടര്‍ ഇടപെട്ട് കരാര്‍ വീണ്ടും പുതുക്കുകയായിരുന്നു. ഇത് വ്യക്തമാക്കുന്ന റവന്യൂ വകുപ്പിന്റെ രേഖകളുമുണ്ട്. ഗുജറാത്തിലെ സീലിംഗ് നിയമങ്ങള്‍ അനുസരിച്ച്, ഭൂരഹിതര്‍ക്ക് അനുവദിച്ച മിച്ചഭൂമി പൊതു സ്ഥാപനങ്ങള്‍ ഏറ്റെടുക്കുമ്പോള്‍, സര്‍ക്കാരിന് 40 ശതമാനം പ്രീമിയം നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
അക്വിസിഷന്‍ കമ്മിറ്റി നിശ്ചയിച്ച പ്രാഥമിക മൂല്യമായ 76 കോടി രൂപയ്ക്കാണ് ഭൂമി വിറ്റതെങ്കില്‍ ഗുജറാത്ത് സര്‍ക്കാരിന് 30.4 കോടിയും 45.6 കോടി രൂപ സവക്കാര കുടുംബത്തിനും ലഭിക്കുമായിരുന്നു. എന്നാല്‍, ‘ലാന്‍ഡ് അക്വിസിഷന്‍ കമ്മിറ്റിക്ക് നടപടിയില്ല. ഡെപ്യൂട്ടി കളക്ടര്‍ക്ക് അധികാരമില്ല. അദ്ദേഹം ഇത് എങ്ങനെ ചെയ്തുവെന്നാണ് ആക്ഷേപം ഉയരുന്നത്. തുടര്‍ന്ന് ഡെപ്യൂട്ടി കളക്ടറായി ചുമതലയേറ്റ മെഹുല്‍ ദേശായി ‘ആരോപണങ്ങളെക്കുറിച്ചോ വിഷയത്തെക്കുറിച്ചോ ഒരു വിവരവുമില്ലെന്നാണ് പറയുന്നത്.