കൊറിയൻ സിനിമാലോകത്തെ സൂപ്പർതാരം മാ ഡോങ് സിയോക്ക് വിവാഹിതനാകുന്നു. കാമുകിയായ യി ജുങ് ഹ്വായാണ് വധു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവർ. അടുത്തമാസമായിരിക്കും വിവാഹം. ഡോൺ ലീ എന്നും അറിയപ്പെടുന്ന മാ ഡോങ് സിയോക്കിന് കേരളത്തിലും നിരവധി ആരാധകരുണ്ട്.
2016 മുതൽ ഡോൺ ലീയും യി ജുങ് ഹ്വായും പ്രണയത്തിലാണ്. 2021-ൽ ഇരുവരും രജിസ്റ്റർ വിവാഹം ചെയ്തു. സിയോളിൽ സ്വകാര്യമായ ചടങ്ങിലായിരിക്കും വിവാഹമെന്ന് ഡോൺ ലീയുടെ ഏജൻസിയായ ബിഗ് പഞ്ച് എന്റർടെയിൻമെന്റ് അറിയിച്ചു. വധൂവരന്മാരുടെ തിരക്കും കോവിഡ്-19 മായി ബന്ധപ്പെട്ട ആശങ്കകളും മുൻനിർത്തി വിവാഹത്തേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
“ഡോൺ ലീയുടേയും യി ജുങ്ങിന്റേയും വിവാഹം തികച്ചും സ്വകാര്യമായ ചടങ്ങിൽവെച്ചായിരിക്കും നടക്കുക. കുടുംബം, ബന്ധുക്കൾ, സഹപ്രവർത്തകർ, പരിചയക്കാർ എന്നിവർ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ.” ഡോൺ ലീയുടെ ഏജൻസി പ്രതിനിധി മാധ്യമങ്ങളോട് പ്രതികരിച്ചതിങ്ങനെ.
2022-ൽ ഒരു അവാർഡ് ദാന ചടങ്ങിനിടെ യി ജുങ്ങിനെ ഡോൺ ലീ ഭാര്യ എന്ന് അഭിസംബോധന ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലായിരുന്നെന്നും രജിസ്റ്റർ വിവാഹം കഴിഞ്ഞുവെന്നുമുള്ള വാർത്ത ആരാധകർക്കിടയിൽ പരക്കുന്നത്.
അതിനിടെ ഈ മാസം 24-ന് ഡോൺലീയുടെ പുതിയ ചിത്രമായ ദ റൗണ്ടപ്പ്: പണിഷ്മെന്റ് എന്ന ചിത്രം ജപ്പാനിൽ റിലീസ് ചെയ്യും. ട്രെയിൻ റ്റു ബുസാൻ, ഔട്ട്ലോസ്, ദ ഗ്യാങ്സ്റ്റർ ദ കോപ് ദ ഡെവിൾ, അൺസ്റ്റോപ്പബിൾ, ഡിറയിൽഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സമ്പാദിച്ച നടനാണ് മാ ഡോങ് സിയോക്ക് എന്ന ഡോൺലീ.
Read also: ‘ഫോൺ വിളിക്കാൻ ഉള്ളതാണ്: സിനിമ കാണാൻ വേണ്ടി കണ്ടുപിടിച്ച സാധനമല്ല’: വിനീത് ശ്രീനിവാസൻ