ഇപ്പോഴത്തെ ട്രെൻഡുകളിലൊന്നാണ് മുടി കളർ ചെയ്യുന്നത്. ഡൈ അടിക്കുന്നവരും, വിവിധ കളർ അടിക്കുന്നവരുമുണ്ട്. മുടി കളർ ചെയ്യുന്നതിൽ പ്രായഭേതമൊന്നുമില്ല. എന്നാൽ കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷംചെയ്യാം. കാരണം, കളർ ചെയ്യുന്ന മുടിയിഴകൾക്ക് ബലം കുറയും. ബ്ലീച്ച് ചെയ്ത ശേഷമാണ് മുടിക്ക് നിറം നൽകുന്നതെങ്കിൽ ആ മുടിയിഴകൾ കൂടുതൽ ദുർബലമാകും. എന്നാൽ, ഹെയർ കളറിങ്ങിൽ വിദഗ്ധരായവരുടെ മേൽനോട്ടത്തിൽ മുടി കളർചെയ്യുമ്പോൾ മുൻകാലത്തെ അത്രയും പ്രശ്നങ്ങൾ പൊതുവേ ഉണ്ടാകാറില്ല.
പരിചയസമ്പന്നരായ സ്റ്റൈലിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രം കളറിങ് ചെയ്യുക. മുടിയുടെ സ്വഭാവമറിഞ്ഞ് അതിന് യോജിച്ച രീതികൾ നിർദേശിക്കാൻ അവർക്ക് കഴിയും.നിറം നൽകുന്നതിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കാനിടയാക്കിയേക്കും.
മുടിയുടെ സ്വഭാവം, ഉപയോഗിക്കുന്ന നിറത്തിന്റെ പ്രത്യേകതകൾ എന്നിവ കൃത്യമായി മനസ്സിലാക്കിവേണം കളർ ചെയ്യാൻ.നിറം നൽകുന്നതിന് ഒരുദിവസംമുൻപ് മുടി കണ്ടീഷൻചെയ്യുന്നത് നല്ലതാണ്.
എന്തൊക്കെ കാര്യങ്ങൾ ചെയ്യണം?
ഹെയർ ജെൽ
പലതരത്തിൽ മുടി സെറ്റ് ചെയ്യാൻ സഹായിക്കുന്ന ക്രീമുകളാണ് ഹെയർ ജെൽ. ഇത്തരം ജെല്ലുകളുപയോഗിക്കുമ്പോൾ, മുടിക്ക് മുൻപത്തെക്കാൾ മികച്ച തിളക്കം ലഭിക്കും. ചീകിവയ്ക്കാനും എളുപ്പമാണ്. കണ്ടീഷനിങ് എഫക്ടുള്ളതിനാൽ, മുടി പെട്ടെന്ന് പൊട്ടിപ്പോവുകയുമില്ല. പോളിഎത്തിലിൻ ഗ്ലൈക്കോൾ, സിലിക്കൺ, ഹൈഡ്രോക്സിമീഥൈൽ തുടങ്ങിയവയാണ് ഹെയർ ജെല്ലിലെ പ്രധാന രാസഘടകങ്ങൾ. സിലിക്കണിലടങ്ങിയ സീറം ആണ് മുടിക്ക് തിളക്കം നൽകുന്നത്. അഗ്രം പിളർന്ന മുടിക്ക് ഇവ ഗുണം ചെയ്യും. മാത്രമല്ല, മുടിയുടെ ക്യൂട്ടിക്കിളിന് മൃദുത്വവും നൽകും. എന്നാൽ, ഇവയുടെ തുടർച്ചയായ ഉപയോഗം മുടിയുടെ ഘടനയിൽ മാറ്റംവരാനും ക്രമേണ മുടി കൊഴിയാനും കാരണമാകാറുണ്ട്.
ഡൈ
ഹെയർ ഡൈ പലതരത്തിലുണ്ട്. ചിലരിൽ ചില തരം ഹെയർ ഡൈകൾ അലർജിയുണ്ടാക്കും. ഡൈയിൽ അടങ്ങിയിരിക്കുന്ന പാര ഫിനലിൻ ഡയമിൻ(പി.പി.ഡി.) എന്ന ഘടകമാണ് ഇതിന് കാരണം.
ശിരോചർമത്തിലെ ചൊറിച്ചിൽ ഇതുമൂലമുണ്ടാകുന്ന അലർജിയാണ്. അതിനാൽ ഡൈ ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്ത് അലർജി ഇല്ലെന്ന് ഉറപ്പാക്കണം. അലർജി തിരിച്ചറിഞ്ഞാൽ ആ ഡൈ പിന്നീട് ഉപയോഗിക്കരുത്. അമോണിയ, പി.പി.ഡി., എന്നിവ കൂടുതൽ അടങ്ങിയ ഡൈകൾ ഉപയോഗിക്കുന്നത് മുടിയ്ക്ക് തകരാറുണ്ടാക്കും.
ഹെയർ ഡൈ നാല് തരമുണ്ട്
ടെംപററി ഹെയർ ഡൈ: ഇത് മുടിയുടെ ഏറ്റവും പുറംഭാഗമായ ക്യൂട്ടിക്കിളിനെയാണ് പൊതിഞ്ഞു നിൽക്കുന്നത്. ഇതിൽ വലിയ അളവിൽ അമോണിയം പെറോക്‌സൈഡ് ഉണ്ടാവില്ല. മൂന്നോ നാലോ തവണ മുടി കഴുകിയാൽ ഡൈയുടെ ഫലം പോകും.
സെമി പെർമനന്റ് ഹെയർ ഡൈ: ഇത് ക്യൂട്ടിക്കിളിന്റെ അല്പം അകത്തേക്ക് ഇറങ്ങിച്ചെല്ലും. വീര്യം കൂടിയ രാസവസ്തുക്കൾ ഇതിൽ ഇല്ല. ഏകദേശം എട്ട് തവണ മുടി കഴുകിയാൽ ഫലം പോകും.
ഡെമി പെർമനന്റ് ഹെയർ ഡൈ: ഇതിൽ രണ്ട് ശതമാനം ഹൈഡ്രജൻ പെറോക്‌സൈഡ് ഉണ്ട്. 20-28 തവണ വരെ മുടി കഴുകാം. അതിനുശേഷംമാത്രമേ ഫലം പോവൂ.
പെർമനന്റ് ഹെയർ ഡൈ: ഇത് മുടിയെ ബ്ലീച്ച് ചെയ്ത ശേഷമാണ് ഡൈ ചെയ്യുന്നത്. മുടിയുടെ കോർട്ടക്‌സ് വരെ ഡൈ എത്തും. ഹൈഡ്രജൻ പെറോക്‌സൈഡ് എട്ട് ശതമാനത്തോളമുണ്ട്. അതിനാൽ ബ്ലീച്ചിങ് തോത് കൂടുതലാണ്. ഡൈയുടെ ഫലം ഏറെനാൾ നീണ്ടുനിൽക്കും.