റണ്‍ബീര്‍ കപൂറിനെ പ്രധാനകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത അനിമല്‍ ബോക്‌സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്. അതേ സമയം സ്ത്രീവിരുദ്ധത, അക്രമം നിറഞ്ഞ രംഗങ്ങള്‍ എന്നിവയുടെ പേരില്‍ രൂക്ഷവിമര്‍ശനം നേരിടുകയും ചെയ്ത ചിത്രം കൂടിയായിരുന്നു അനിമല്‍. അനിമലിനെ രൂക്ഷമായി വിമര്‍ശിച്ച സിനിമാപ്രവര്‍ത്തകരെയും നിരൂപകരെയും കടന്നാക്രമിക്കുന്ന സമീപനമാണ് സന്ദീപ് റെഡ്ഡി സ്വീകരിച്ചത്. ഏത് തരത്തിലുള്ള സിനിമ എടുക്കണമെന്ന് തീരുമാനിക്കുന്നത് തന്റെ സ്വാതന്ത്ര്യമാണെന്നും അതിലിടപെടാന്‍ ആരെയും അനുവദിക്കില്ലെന്നുമായിരുന്നു സന്ദീപ് റെഡ്ഡിയുടെ പ്രതികരണം.
അനിമലിന് പിന്നാലെ പ്രഭാസിനെ നായകനാക്കി ഒരു പാന്‍ ഇന്ത്യന്‍ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സന്ദീപ് റെഡ്ഡി. 2024 ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ഈയിടെ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കൂടാതെ പ്രദര്‍ശനത്തിനെത്തുന്ന ദിനത്തില്‍ തന്നെ സിനിമ 150 കോടിയോളം വരുമാനം നേടുമെന്നാണ് സന്ദീപ് റെഡ്ഡി അവകാശപ്പെടുന്നത്. നിര്‍മാതാവിന് ഒരിക്കലും നഷ്ടം വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
300 കോടിയാണ് ബജറ്റ് കണക്കാക്കുന്നത്. നിര്‍മാതാവ് സുരക്ഷിതനായിരിക്കും. കാരണം സാറ്റ്‌ലൈറ്റ്, ഒടിടി അവകാശങ്ങള്‍ വിറ്റു പോകുമ്പോള്‍ തന്നെ ബജറ്റ് തിരികെ പിടിക്കാനാകും. ആദ്യ ദിനത്തില്‍ ചിത്രം 150 കോടിയോളം വരുമാനം നേടും. സിനിമയുടെ ടീസറും ട്രെയ്‌ലറും പാട്ടുകളുമെല്ലാം പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തിലാകും ഒരുക്കേണ്ടത്- സന്ദീപ് റെഡ്ഡി പറഞ്ഞു.
ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കിനായി ഞാന്‍ പ്രഭാസിനെ നേരത്തേ സമീപിച്ചിരുന്നു. എന്നാല്‍ അത് നീണ്ടുപോയി. അനിമലിന്റെ ചിത്രീകരണത്തിനിടെയാണ് സ്പിരിറ്റിന്റെ ആശയം രൂപപ്പെടുന്നത്. പ്രഭാസിനെ വിളിച്ച് കഥ പറഞ്ഞു. അദ്ദേഹം ചെയ്യാമെന്ന് ഏറ്റു. തിരക്കഥ 60 ശതമാനം പൂര്‍ത്തിയായി- സന്ദീപ് റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
Read also: ബിഗ്ബോസില്‍ ലാല്‍ സാര്‍ നിസ്സഹായനാണ്: സന്ധ്യാ മനോജ്