തൃശ്ശൂർ :സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അക്കൗണ്ട് മരവിപ്പിച്ചതും ഇ ഡി റെയ്ഡ് മെല്ലാം തിരഞ്ഞെടുപ്പ് രംഗത്ത് വൻ തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ഇടതുമുന്നണിയും സിപിഎമ്മും. പൊതുയോഗ വേദികളിൽ നേതാക്കൾക്ക് പറഞ്ഞുനിൽക്കാൻ ‘ക്യാപ്സൂളുകൾ’ കിട്ടുമെങ്കിലും വീടുകയറി വോട്ട് ചോദിക്കുന്ന ബൂത്ത് പ്രവർത്തകരുടെ നില പരിതാപകരമാണ്. പാർട്ടി അക്കൗണ്ടിൽ കോടികൾ വരികയും പോകുകയും ചെയ്യുന്നു എന്നത് പാർട്ടി ഭാരവാഹികൾക്ക് പുതുമയുള്ള കാര്യമല്ല. വാർഷിക ലെവിയായി കോടികൾ വിവിധ തട്ടുകളിൽ നിന്ന് എത്തുമെന്ന് നേതാക്കൾ വിശദീകരണം നൽകും.
ഇത്രയേറെ പണമുള്ള സമ്പന്ന പാർട്ടിയാണ് സിപിഎം എന്നത് താഴെ തട്ടിൽ പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് പുതിയ വിവരം ആയിരിക്കും. എന്നാൽ ഇത് ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്ന ജോലിയാണ് താഴെത്തട്ടിൽ ഉള്ള പ്രവർത്തകരുടെ വലിയ പ്രശ്നം.
പാർട്ടിയെ വിശ്വസിച്ച് കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പാവപ്പെട്ട നിക്ഷേപകർക്ക് പലിശ പോലും കൊടുക്കാനായിട്ടില്ല. സർവീസിൽ നിന്ന് വിരമിച്ചു കിട്ടിയതെല്ലാം കരുവന്നൂരിൽ നിക്ഷേപിച്ച എത്രയോ പാവങ്ങൾ ഉണ്ട്. അവരെല്ലാം എൻജിഒ യൂണിയൻ അംഗങ്ങളോ അനുഭാവികളോ ആയിരുന്നു. പാർട്ടി ഭരിക്കുന്ന ബാങ്ക് എന്ന നിലയിലാണ് പലരും നിക്ഷേപിച്ചത്. മന്ത്രി ആർ ബിന്ദുവിന്റെ മണ്ഡലത്തിലാണ് കരിവന്നൂർ. എന്നാൽ പണം നഷ്ടപ്പെട്ട ഒരാളെപ്പോലും മന്ത്രി ബിന്ദു കാണുകയോ സമാധാനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതി ഇപ്പോഴുമുണ്ട്. വോട്ട് ചോദിച്ചെത്തുന്ന പല പാർട്ടി പ്രവർത്തകരോടും വീടുകളിൽ നിന്നും ചോദിക്കുന്നത് മന്ത്രി എവിടെയെന്നാണ്.
അക്കൗണ്ടിലെ പണം പെട്ടെന്ന് പിൻവലിച്ചത് പാർട്ടി നേതാക്കൾക്കിടയിൽ പോലും ഉണ്ടാക്കിയ അമ്പരപ്പ് ചെറുതല്ല. രണ്ടുദിവസം മുമ്പ് ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പോലും വലിയ തുക പിൻവലിക്കുന്നതായി പറഞ്ഞിട്ടില്ല. ആരുടെയും അനുവാദം വേണ്ടെങ്കിലും ആരാണ് ഈ സമയത്ത് നിയമപോദേശം നൽകിയതെന്ന് രഹസ്യമാണ്. കരിവന്നൂർ വിഷയത്തിൽ ഇ ഡി ഒരു പടികൂടി പിടിമുറുക്കിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസം തൃശ്ശൂരിൽ മാധ്യമപ്രവർത്തകർക്ക് മുഖം കൊടുക്കാതെ ക്യാമ്പ് ചെയ്തത് വിഷയത്തിന്റെ ആഘാതം വിളിച്ചോതുന്നു.
കോടികൾ പാർട്ടിയുടെ കൈവശം ഉണ്ടായിട്ടും പ്രാദേശിക ഘടകങ്ങൾ തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കുന്നത് തുടരുകയാണ്. മുൻപുള്ള പിരിവുകളിൽ നിന്നും വ്യത്യസ്തമാണ് ഇത്തവണത്തെ പിരിവ്. പ്രാദേശിക ഘടകങ്ങൾ പിരിച്ചെടുക്കുന്ന തുക ജില്ലാ കമ്മിറ്റിക്ക് നൽകേണ്ടതില്ല. പണം അതത് പ്രാദേശിക കമ്മിറ്റികൾക്ക് തിരഞ്ഞെടുപ്പിനായി ഉപയോഗിക്കാം. രസീത് ജില്ലാ കമ്മിറ്റിക്ക് നൽകണമെന്ന് മാത്രം. ഒപ്പം കണക്ക് നൽകുകയും വേണം. കോടികൾ പാർട്ടിയുടെ അക്കൗണ്ടിൽ ഉണ്ടായിട്ടും പിന്നെന്തിന് പിരിക്കുന്നത് എന്ന ചോദ്യം സാധാരണ വീടുകളിൽ എത്തുമ്പോൾ ഉയരാൻ സാധ്യതയുണ്ട്.