ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂടേറിയ നാളുകളില്‍ ‘എവിടെ ഭീമന്‍’ എന്നാണ് എല്ലാവരുടെയും ചോദ്യം. കാണാമറയത്ത് എവിടെയോ ഭീമന്‍ രഘുവുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്തുകൊണ്ടാണ് ഇടതുപക്ഷത്തേക്കെത്തിയിട്ട് ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി പ്രാചാരണത്തിനിറങ്ങാത്തത്. ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നോ. അതോ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞില്ലേ. പ്രാചരണത്തിനും ഇറങ്ങാന്‍ ആവശ്യപ്പെട്ടില്ലേ.
ഇങ്ങനെ നൂറായിരം ചോദ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. മലയാള സിനിമയുടെ തലയെടുപ്പുള്ള വില്ലന്‍ രാഷ്ട്രീയത്തില്‍ എത്തിയപ്പോള്‍ തനി കൊമേഡിയന്‍ ആയി മാറിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആക്ഷേപം. ഭീമന്‍ രഘു ബി.ജെ.പിയില്‍ നിന്നും സി.പി.എമ്മിലേക്കെത്തിയിട്ട് അധികനാളായിട്ടില്ല. തന്നെ എ.കെ.ജി സെന്ററില്‍ കൊണ്ടുപോയി മെമ്പര്‍ഷിപ്പ് വാങ്ങിത്തന്ന വി. ജോയി വരെ മത്സരിക്കുകയാണ്. ആ ജോയി സഖാവിനു പോലും പ്രചാരണത്തിനിറങ്ങാത്തത് നന്ദികേടാണെന്നാണ് വോട്ടര്‍മാര്‍രുടെ പക്ഷം.
കുറച്ചു നാളുകള്‍ കൊണ്ട് കാണിക്കാവുന്ന എല്ലാ കോപ്രായങ്ങളും കാട്ടി ജനശ്രദ്ധ പിടിച്ചു പറ്റിയ ആളാണ് ഭീമന്‍രഘു. സിനിമയില്‍ സുഹൃത്തായ സുരേഷ്‌ഗോപി, രാഷ്ട്രീയത്തില്‍ ശത്രുവാണ്. മാത്രമല്ല, ബി.ജെ.പിയില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പ്രചാരണത്തിനു വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും തിരക്കാണെന്നു പറഞ്ഞ് സുരേഷ്‌ഗോപി മാറിക്കളഞ്ഞെന്നും ഭീമന്‍ രഘു ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ഇതിനെതിരേ തൃശ്ശൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.എസ്. സുനില്‍ കുമാറിന്റെ പ്രാചരണത്തിനിറങ്ങുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതും ഉണ്ടായില്ല. സിനിമയിലെ തന്നെ സുഹൃത്ത് എം. മുകേഷിനു വേണ്ടിയും രഘുവിന്റെ പ്രവര്‍ത്തനം കണ്ടില്ല. ഒരു ദിവസം പോലും കൊല്ലം മണ്ഡലത്തില്‍ പകാന്‍ ഭീമന്‍ രഘു കൂട്ടാക്കിയുമില്ല. എന്തുകൊണ്ടാണ് ഭീമന്‍ രഘുവെന്ന താരം പ്രചാരണത്തിനിറങ്ങാത്തത്.
മത്സരിക്കനുള്ള ആഗ്രഹമുണ്ടായിരുന്നോ അദ്ദേഹത്തിന്. അതോ പ്രചാരണത്തിനു പോലും കണ്ടേക്കരുതെന്ന് ഭീഷണിയുണ്ടോ. ഇങ്ങനെയൊക്കെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദീപാവലിക്ക് ഭീമന്‍ പടക്കു കട തുടങ്ങിയതിന്റെ പ്രെമോഷനായിരുന്നു ഭീമന്‍ രഘുവിനെ കുറിച്ച് അവസാനമായി കേട്ടത്. പിന്നെ പൂര്‍ണ്ണമായും നിശബ്ദമാണ്.
അതിനു മുമ്പ് നിരവധി യൂട്യൂബ് ചാനലുകള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. അതിലെല്ലാം പറയുന്നത്, തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനു വേണ്ടി മുമ്പില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നാണ്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇതു രണ്ടും നടന്നിട്ടില്ല. ഇതിന്റെ കാരണമാണ് ജനങ്ങള്‍ അന്വേഷിക്കുന്നത്. സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എണീറ്റതു മുതല്‍ ഭീമന്‍ രഘു, അടിമയെപ്പോലെ എണീറ്റു നില്‍ക്കുന്നതാണ് ജനം കണ്ടത്.
മുഖ്യമന്ത്രി പ്രസംഗിച്ച 15 മിനിട്ടും മഹാഭാരതത്തിലെ ഭീമനെപ്പോലെ ഗദയില്ലാത്ത ഭീമന്‍രഘു ഒറ്റ നിപ്പാണ്. ബി.ജെ.പിയില്‍ നിന്നും സി.പി.എം രാഷ്ട്രീയത്തിലേക്കുള്ള വരവില്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ദുരുദ്ദേശമുണ്ടെന്ന് വ്യക്തം. ബി.ജെ.പി ഒരു കോക്കസിന്റെ പിടിയാലാണെന്ന് മനസ്സിലാക്കിയാണ് താന്‍ സി.പി.എമ്മിലേക്കു വന്നതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ നില്‍ക്കുമ്പോള്‍ ഇറങ്ങി ഓടാനാണ് തോന്നിയിരുന്നതെന്നും പറഞ്ഞിട്ടുണ്ട്.
എന്നാല്‍, സി.പി.എം ഒരു കോമാളിയുടെ പിടിയിലാണെന്നാണ് ഇതിനു മറുപടിയായി കേള്‍ക്കുന്നത്. ബി.ജെ.പിയില്‍ നിന്ന് ഇറങ്ങിയോടാന്‍ തോന്നിയിരുന്ന ഭീമന്‍ രഘുവിന് ഇപ്പോള്‍ സി.പിഎമ്മില്‍ നിന്നും ഇറങ്ങിയോടാന്‍ തോന്നുന്നുണ്ടോയെന്നാണ് സംശയം. തന്റെ കഴിവുകളില്‍ പകുതിയും ഇനിയും കാണിക്കാനുണ്ട്. അതിനുള്ള അവസരം സി.പി.എം തരുന്നില്ലെന്ന പരാതിയും ഭീമന്‍ രഘുവിനുണ്ടെന്നാണ് കേള്‍ക്കുന്നത്.
ഒരു കാര്യം പറയാതെ വയ്യ. സിനാക്കാരുടെ സംഘടനകള്‍ മനസ്സിലാക്കാന്‍ വേണ്ടിയാണ്. സിനിമ ഒരു പൊതു മാധ്യമമാണ്. അതിനെ രാഷ്ട്രീയ വത്ക്കരിക്കരുത്. സിനിമാക്കാര്‍ക്ക് രാഷ്ട്രീയം വേണ്ടെന്നു പറയുന്നില്ല, എന്നാല്‍ എല്ലാവര്‍ക്കുമായി സിനിമ ചെയ്യുമ്പോള്‍ അത്, രാഷ്ട്രീയമായി വേര്‍തിരിക്കപ്പെടുന്നുണ്ട്. അമിത രാഷ്ട്രീയ വത്ക്കരണം വലിയൊരു വ്യവസായത്തെ പിന്നോട്ടടിക്കുമെന്നുറപ്പാണ്.
അതിന്റെ ദൃഷ്ടാന്തങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സിനിമാ സംഘടനകള്‍ സിനിമാക്കാരുടെ രാഷ്ട്രീയ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ തയ്യാറാകുമെങ്കില്‍ ആ വ്യവസായം ദീര്‍ഘനാള്‍ നിലനില്‍ക്കും. അല്ലെങ്കില്‍ രാഷ്ട്രീയ അടിമകളായി മാറുന്ന സിനിമാക്കാര്‍ സമൂഹത്തിനു മുമ്പില്‍ അനുദിനം കോമാളികളായി മാറുമെന്നുറപ്പാണ്.