അന്തരിച്ച നിർമാതാവ് ഗാന്ധിമതി ബാലനെ അനുസ്മരിച്ചു മോഹൻലാൽ. നിരവധി ഹിറ്റ് ക്ലാസ്സിക് ചിത്രങ്ങളാണ് ഗാന്ധിമതി ബാലനും മോഹൻലാലും ചേർന്ന് മലയാളികൾക്ക് സമ്മാനിച്ചത്. മലയാളത്തിലെ ക്ലാസിക് സിനിമകളുടെ പിറവിക്ക് പിന്നിൽ പ്രവർത്തിച്ച നിർമാതാവാണ് ഗാന്ധിമതി ബാലൻ. ‘തൂവാനത്തുമ്പികൾ അടക്കം ഒട്ടേറെ ക്ലാസിക്കുകൾ മലയാളത്തിന് സമ്മാനിച്ച എൻ്റെ പ്രിയ സഹോദരൻ. മലയാളം നെഞ്ചോടുചേർത്ത എത്രയെത്ര ചിത്രങ്ങൾക്കുപിന്നിൽ അദ്ദേഹത്തിൻ്റെ അശ്രാന്ത പരിശ്രമവും ആദ്യാവസാന സാന്നിധ്യവും ഉണ്ടായിരുന്നു. സൗമ്യനും അതിലേറെ സ്നേഹസമ്പന്നനുമായ ഒരു വ്യക്തിത്വത്തെയാണ് വ്യക്തിപരമായി എനിക്കും മലയാളസിനിമക്കും നഷ്ടമായിരിക്കുന്നത്. കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ’ എന്നാണ് മോഹൻലാൽ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.
ക്ലാസ്സിക് മലയാളം സിനിമകളുടെ നിർമ്മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനും ആയിരുന്നു അന്തരിച്ച ഗാന്ധിമതി ബാലൻ. ആദ്യ സിനിമയായ ഇത്തിരി നേരം ഒത്തിരി കാര്യം, ആദാമിന്റെ വാരിയെല്ല് , പഞ്ചവടി പാലം , മൂന്നാം പക്കം , തൂവാനത്തുമ്പികൾ , സുഖമോ ദേവി , മാളൂട്ടി , നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താംമുദയം തുടങ്ങിയ 30ൽ പരം ചിത്രങ്ങളുടെ നിർമാണവും വിതരണവും അദ്ദേഹം നിർവഹിച്ചു. 2015 ലെ നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയും ഗാന്ധിമതി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഒരു കാലത്ത് മോഹൻലാലിനെയും മമ്മൂട്ടിയേയും വെച്ച് ഒരേ പോലെ ഏറ്റവും കൂടുതൽ സിനിമ ചെയ്ത നിർമാതാവായിരുന്നു. സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണ ചുമതലകൾക്ക് നേതൃത്വം നൽകിയതും ഗാന്ധിമതി തന്നെയായിരുന്നു.