സിനിമയില്ലാത്തപ്പോൾ സങ്കടപ്പെടുന്ന നടനല്ല താനെന്ന് മോഹൻലാൽ. ഏപ്പോഴും സിനിമകൾ ചെയ്തുകൊണ്ടിരിക്കണമെന്നും അത് വിജയിക്കണമെന്നും ആഗ്രഹിക്കുന്ന വ്യക്തിയല്ലെന്നും മോഹൻലാൽ പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. ഒരു സിനിമ പരാജയപ്പെട്ടാൽ സങ്കടപ്പെടുന്ന വ്യക്തിയല്ല. സിനിമ പരാജയപ്പെട്ടാൽ സങ്കടപ്പെടുകയോ വിജയിച്ചാൽ അധികമായി സന്തോഷിക്കുകയോ ചെയ്യുന്നയാളല്ലെന്നും മോഹൻലാൽ വ്യക്തമാക്കി.
ഒരു സിനിമ ചെയ്ത് കഴിഞ്ഞാൽ പിന്നീട് അതിനെ പോസ്റ്റുമോർട്ടം ചെയ്തിട്ട് കാര്യമില്ല. ഒരു സിനിമയുടെ രീതിയായിരിക്കില്ല മറ്റൊന്നിന്. സിനിമകൾ നമ്മളെ തേടി വരുമെന്നാണ് വിശ്വസിക്കുന്നത്. ഒരു നല്ല സിനിമ കിട്ടുകയെന്നത് അനുഗ്രഹം കൂടിയാണ്. പരാജയങ്ങളും വിജയങ്ങളും സംഭവിക്കുന്നതാണ്. അതിനാൽ സിനിമ പരാജയപ്പെട്ടാൽ സങ്കടം തോന്നാറില്ലെന്നും താരം അറിയിച്ചു.
ഹാപ്പിനസ് എന്നതിനെ ഒരിക്കലും നിർവചിക്കാൻ കഴിയില്ല. സങ്കീർണ്ണതകളെ ഒന്നും ജീവിതത്തിലേക്ക് എടുത്തിട്ടില്ലെന്നതാണ് തന്റെ സന്തോഷത്തിന്റെ കാരണം. 36 സിനിമകളൊക്കെ ഒരു വർഷം ചെയ്തിട്ടുണ്ട്. കുറേക്കൂടി നല്ല ഒരു സിനിമയ്ക്കായി കാത്തിരിക്കാം എന്ന് കരുതുകയാണെങ്കിൽ കാത്തിരിക്കാനേ കഴിയൂ. അങ്ങനെയൊരു സിനിമ ചിലപ്പോൾ വരില്ലെന്നും താരം കൂട്ടിച്ചേർത്തു.