മകളുടെ മരണത്തെ തുടർന്ന് ജീവിതത്തിലുണ്ടായ സങ്കടങ്ങളെ എങ്ങനെയാണ് തരണം ചെയ്തതെന്ന് വ്യക്തമാക്കി ഗായിക കെ എസ് ചിത്ര. എല്ലാ കഴിഞ്ഞുവെന്ന് ചിന്തിച്ചിടത്ത് നിന്നും കരകയറിയത് എങ്ങനെയെന്നാണ് ചിത്ര വിശദമാക്കുന്നത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചു വരുമെന്ന് കരുതിയില്ല. പരിചയമില്ലാത്ത ഒരുപാട് പേർ നൽകിയ പിന്തുണയും പ്രാർത്ഥനയും കൊണ്ട് കൂടിയാണ് താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. പരിചയമില്ലാത്ത പലരും തന്റെ പേരിൽ പ്രസാദം കഴിപ്പിച്ച് വീട്ടിലേക്കെത്തിച്ചു. അന്നുവരെ കണ്ടിട്ടില്ലാത്ത ചിലർ വീട്ടിലേക്കെത്തി അവർക്കുണ്ടായി ജീവിതാനുഭവങ്ങളെ കുറിച്ച് സംസാരിച്ചു. ഇതെല്ലാം തന്നിൽ ഒരുപാട് മാറ്റങ്ങളുണ്ടാക്കിയെന്ന് ചിത്ര പറയുന്നു.
തനിക്ക് ചുറ്റുമുണ്ടായിരുന്നവരുടെ ജീവിതം കൂടി താൻ ഇല്ലാതാക്കുകയാണെന്ന തോന്നലായിരുന്നു ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള മറ്റൊരു കാരണം. തന്റെ സംഗീത ജീവിത്തിന് വേണ്ടി സ്വന്തം ജീവിതം പോലും ഉഴിഞ്ഞ് വെച്ച വ്യക്തിയാണ് തന്റെ ഭർത്താവ് വിജയൻ. തനിക്ക് വേണ്ടി ജോലി പോലും വേണ്ടെന്ന് വെച്ച വ്യക്തിയാണ്. താൻ ഇങ്ങനെ സങ്കടപ്പെട്ടിരിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായി തീരുമെന്ന് ചിന്തിച്ചു. തന്നിൽ കേന്ദ്രീകരിച്ച് നിൽക്കുന്ന ഒരുപാട് പേരുടെ ജീവിതം താൻ ഇല്ലാതാക്കരുതെന്ന് എന്ന ചിന്ത മുന്നോട്ട് നയിച്ചു. പോയത് നഷ്ടപ്പെട്ടു. ഇനി ഒരിക്കലും അത് തിരിച്ചു കിട്ടില്ല. എന്നാൽ, ജീവിതം ഒരുപാട് മുന്നോട്ടുണ്ട്. താൻ ഈ അവസ്ഥയിൽ എഴുന്നേറ്റാൽ അവരെല്ലാം തന്നോടൊപ്പം എഴുന്നേൽക്കുമെന്ന് മനസിലായെന്നും ചിത്ര വ്യക്തമാക്കി.
സംഭവിക്കാനുള്ളതെല്ലാം സംഭവിക്കുമെന്ന കാര്യം തന്റെ മകളുടെ മരണത്തോടെ മനസിലാക്കി. ജനിക്കുമ്പോൾ തന്നെ ജീവിതത്തിൽ സംഭവിക്കാനുള്ള കാര്യങ്ങളെല്ലാം എഴുതിവെച്ചിട്ടുണ്ട്. നമ്മൾ എത്രയൊക്കെ പ്രാർത്ഥിച്ചാലും നടക്കാനുള്ള കാര്യങ്ങൾ നടക്കും. അങ്ങനെ സംഭവിക്കുമ്പോൾ അതിനെ മറികടക്കാനുള്ള ധൈര്യം തരണേയെന്നാണ് ഈശ്വരനോട് പ്രാർത്ഥിക്കേണ്ടത്. എല്ലാവരും പറയുന്ന കാര്യങ്ങൾ അതേ രീതിയിൽ ഉൾക്കൊള്ളാൻ കഴിയണേയെന്നാണ് പ്രാർത്ഥിക്കേണ്ടതെന്നാണ് താൻ മനസിലാക്കുന്നത്. ദൈവം വിചാരിച്ചാൽ പോലും നടക്കാനുള്ളത് തടുക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞുവെന്നും കെ എസ് ചിത്ര കൂട്ടിച്ചേർത്തു.