പ്രധാനമന്ത്രിയായി മൂന്നാമതും ഇന്ത്യ ഭരിക്കാനുളള എല്ലാ കരുനീക്കങ്ങളും നടത്തിയ ശേഷം നരേന്ദ്രമോദി പൊതു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍, ഇതുവരെയുണ്ടായിരുന്ന ശുഭപ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുകയാണെന്ന സൂചനകളാണ് വരുന്നത്. ഉത്തരേന്ത്യ ബി.ജെ.പിയെ കൈവിടുമെന്ന സര്‍വെ റിപ്പോര്‍ട്ടുകള്‍ ബി.ജെ.പിയെ ആശങ്കയിലാക്കുന്നു. സീറ്റുകള്‍ കുറയുന്നതോടെ ഭരണം എങ്ങനെ നിലനിര്‍ത്താനാകുമെന്ന് ഒരു നിശ്ചയവുമില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ കൈവിട്ടു പോവുകയാണ്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകള്‍ കുറഞ്ഞേക്കാമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ആശങ്കയുള്ള ഓരോ സീറ്റിലും പ്രധാനമന്ത്രിയെ എത്തിച്ച് സ്ഥിതി നേരിടാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ആലോചന. മഹാരാഷ്ട്രയിലെ സ്ഥിതിയും കേന്ദ്ര ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നുണ്ട്. പ്രാദേശിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയുന്നത് ഒഴിവാക്കണമെന്നാണ് അണികള്‍ക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസും എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സിഎസ്ഡിഎസ് നടത്തിയ സര്‍വേ ഫലം. ഇതില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു.
എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റി നടത്തുന്ന സി.എസ്.ഡി.സി-ലോക്നീതി സര്‍വേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നാണ്. ഇന്ത്യയുടെ ഏറ്റവും വലിയ കരുത്തായ ബഹുസ്വരതയ്ക്ക് ജനങ്ങളുടെ മനസ്സില്‍ കാര്യമായ ഇടിവൊന്നും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തെ സര്‍വേ. എല്ലാ മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും തുല്യ ഇടമുള്ള രാജ്യമായി ഇന്ത്യ തുടരണമെന്ന് 79 ശതമാനം ഇന്ത്യക്കാരും അഭിപ്രായപ്പെടുന്നു. ഇന്ത്യ ഹിന്ദുക്കള്‍ക്ക് മാത്രമല്ല, എല്ലാ മതങ്ങള്‍ക്കും തുല്യതായുള്ള രാജ്യമാണ് എന്നതിനെ 80 ശതമാനം ഹിന്ദു മത വിശ്വാസികളും പിന്തുണയ്ക്കുന്നു.
ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമെന്ന് സര്‍വേയില്‍ അഭിപ്രായപ്പെട്ടത് 10 ശതമാനം പേര്‍ മാത്രമാണ്. രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഞെട്ടിപ്പിക്കും വിധം ഇടിയുന്നു എന്നതാണ് സര്‍വേയിലെ ഒരു കണ്ടെത്തല്‍. 2019 ല്‍ 78 ശതമാനം ആളുകളും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പൂര്‍ണ്ണ വിശ്വാസം രേഖപെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അത് 42 ശതമാനം ആയി ഇടിഞ്ഞു. 58 ശതമാനം ആളുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഏതെങ്കിലും തരത്തില്‍ അവിശ്വാസം രേഖപ്പെടുത്തി. വോട്ടിങ് യന്ത്രം കുറ്റമറ്റതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എത്രയൊക്കെ അവര്‍ത്തിച്ചിട്ടും ഒരു വലിയ വിഭാഗം അത് വിശ്വസിക്കുന്നില്ല എന്നതും സര്‍വേയിലെ കണ്ടെത്തലാണ്.
ഭരണകക്ഷിക്ക് വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനായേക്കുമെന്ന് 45 ശതമാനം പേര്‍ കരുതുന്നു. അതേസമയം കൂടുതല്‍ പേരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണക്കുന്നത് നരേന്ദ്ര മോദിയെയാണ്, 48%. രാഹുല്‍ ഗാന്ധിയെ 27% പേര്‍ പിന്തുണക്കുന്നു. മോദിയുടെ ഗ്യാരന്റിയെ 56% പേര്‍ പിന്തുണക്കുന്നു. 49% പേര്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനങ്ങളും വിശ്വസിക്കുന്നുണ്ട്. 2019 ല്‍ 65% പേര്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരായിരുന്നെങ്കില്‍ ഇപ്പോഴത് 57% ആയി കുറഞ്ഞു. അതൃപ്തരുടെ എണ്ണം 30% ആയിരുന്നത് 39% ആയും വര്‍ധിച്ചു.